ഹരിശ്രീയെഴുതി തുടക്കം...


Caption

തിരുവനന്തപുരം : സരസ്വതിദേവിയെ വണങ്ങി വിദ്യാരംഭത്തിന് മംഗളകരമായ തുടക്കം. 51 അക്ഷരത്തിന്റെ പൊരുൾ നിറയുന്ന ഹരിശ്രീയെഴുതി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ഗുരുക്കന്മാർ നാവിൽ സ്വർണംകൊണ്ടെഴുതിയും കാതിൽ അക്ഷരമുരുവിട്ടും കുട്ടികളെ അറിവിന്റെ ആദ്യപാതയിലേക്കു നയിച്ചു. സാംസ്കാരിക സ്ഥാപനങ്ങളിലും നൃത്തസംഗീത വിദ്യാലയങ്ങളിലും നിരവധിപ്പേർ ഹരിശ്രീ കുറിച്ചു.

ക്ഷേത്രങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് നവരാത്രി പൂജ തൊഴാനും ബുധനാഴ്ച എഴുത്തിനിരുത്താനും നല്ല തിരക്കായിരുന്നു. കോട്ടയ്ക്കകം നവരാത്രിമണ്ഡപത്തിൽ സരസ്വതിദേവിയെ വണങ്ങാനും ആദ്യക്ഷരം കുറിക്കാനും നിരവധി പേരെത്തി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിൽ കുട്ടികളെ എഴുത്തിനിരുത്തി.പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, ഡോ. ശശി തരൂർ എം.പി., ഡോ. എ.സമ്പത്ത്, വി.കെ.പ്രശാന്ത് എം.എൽ.എ., സൂര്യാ കൃഷ്ണമൂർത്തി, ഗിരീഷ് പുലിയൂർ, സുനിൽ പരമേശ്വരൻ തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തി.

മന്ത്രി വി.ശിവൻകുട്ടി, കെ.മുരളീധരൻ എം.പി. എന്നിവർ പങ്കെടുത്തു. ഗവർണർ ദേവനാഗരി ലിപിയിലാണ് കുട്ടികൾക്ക് ഹരിശ്രീ കുറിച്ചത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അദ്ദേഹത്തെ പൂർണകുംഭം നൽകി വരവേറ്റു.

ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി പെരികമന കേശവൻ നമ്പൂതിരി, സഹ മേൽശാന്തി കേശവൻ നമ്പൂതിരി എന്നിവരും ചട്ടമ്പിസ്വാമി സ്മാരകത്തിൽ ഡോ. ബാബു ഗോപാലകൃഷ്ണൻനായർ എന്നിവരും കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ മേൽശാന്തി രാമചന്ദ്രൻ നമ്പൂതിരി, കീഴ്ശാന്തി എ.ജയരാജൻ നമ്പൂതിരി, ഹരീഷ് ചന്ദ്രശേഖരൻ, ഡോ. വെള്ളിനേഴി അച്യുതൻകുട്ടി, റിട്ട. ജസ്റ്റിസ് ബാലചന്ദ്രൻ, ഡോ. എം.എസ്.അനിൽകുമാർ, ഡോ. വി.രഘു തുടങ്ങിയവരും കുട്ടികളെ എഴുത്തിനിരുത്തി.

ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ പാരമ്പര്യ സമ്പ്രദായത്തിൽ വിദ്യാരംഭം നടന്നു. തുഞ്ചൻ പറമ്പിൽനിന്ന് എത്തിച്ച മണലിൽ ഹരിശ്രീ എഴുതിയവർക്ക് ആചാര്യന്മാർ അഷ്ടദ്രവ്യവും താളിയോലയും നൽകി അനുഗ്രഹിച്ചു. ഡോ. ടി.ജി. രാമചന്ദ്രൻപിള്ള, ഡോ. എഴുമറ്റൂർ രാജരാജവർമ, കെ.വി.മോഹൻകുമാർ, പ്രൊഫ. വി.കാർത്തികേയൻനായർ, ആറ്റുകാൽ ദാമോദരൻമ്പൂതിരി എന്നിവർ എഴുത്തിലും കാരയ്ക്കാമണ്ഡപം വിജയകുമാർ, പ്രൊഫ. സുശീലാദേവി, കല്ലറ ഗോപൻ, മണക്കാട് ഗോപൻ, ഗായത്രി എന്നിവർ വിവിധ കലകളിലും ആചാര്യന്മാരായി. കണ്ണമ്മൂല

ശ്രീ ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ വിദ്യാധിരാജ പഠനഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എസ്. സുരേഷ് കുമാർ, എഴുത്തുകാരൻ തലനാട് ചന്ദ്രശേഖരൻ നായർ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭം നടന്നു.

നവരാത്രി വിഗ്രഹങ്ങൾക്ക് നാളെ മടക്കയാത്ര

തിരുവനന്തപുരം : വേളിമല കുമാരസ്വാമിയുടെ പൂജയെടുപ്പ് എഴുന്നള്ളത്തോടെ നവരാത്രി ഉത്സവം സമാപിച്ചു. പദ്മനാഭപുരത്തു നിന്നും എഴുന്നള്ളിച്ച നവരാത്രി വിഗ്രഹങ്ങൾക്ക് വ്യാഴാഴ്ച നല്ലിരുപ്പാണ്. മാതൃക്ഷേത്രത്തിലേക്കുള്ള വിഗ്രഹങ്ങളുടെ മടക്കയാത്ര വെള്ളിയാഴ്ച രാവിലെ കിഴക്കേക്കോട്ടയിൽ നിന്നും പുറപ്പെടും.

പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. കരമന നിന്നും രാവിലെ 9ന് ഘോഷയാത്രയെ സ്വീകരിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തി. പിന്നാലെ ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട കാവടിഘോഷയാത്ര സരസ്വതി മണ്ഡപത്തിലെത്തി. വൈകീട്ട് 4.30ന് പള്ളിവേട്ടയ്ക്ക് ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നള്ളിച്ചു.

ബുധനാഴ്ച സന്ധ്യകഴിഞ്ഞ് ചെന്തിട്ടയിൽ നിന്നും മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിച്ചു. അവിടെ രാജകുടുംബത്തിന്റെ സ്വീകരണം, കാണിക്ക സമർപ്പണം എന്നിവയ്ക്ക് ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കിക്കൊണ്ടുപോയി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്ഥാനി മൂലംതിരുനാൾ രാമവർമ, പൂയംതിരുനാൾ ഗൗരി പാർവതിബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി, ആദിത്യവർമ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ.രാജരാജവർമ, ഡി.വെങ്കിടേശ്വര അയ്യർ എന്നിവർ വിഗ്രഹങ്ങൾക്ക് ആചാരപരമായ വരവേൽപ്പ് നൽകി. വിഗ്രഹങ്ങൾ ഞായറാഴ്ച വൈകീട്ട് പദ്മനാഭപുരത്തെത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..