കർഷകർക്ക് ആശ്വാസവും പുത്തൻ പ്രതീക്ഷകളും നൽകി : കൃഷിദർശനു സമാപനം


• കൃഷിദർശന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന കർഷക റാലിയിൽ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് കാളവണ്ടി തെളിക്കുന്നു

നെടുമങ്ങാട് : രണ്ടു മന്ത്രിമാരും ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും അഞ്ചുദിവസം തുടർച്ചയായി മണ്ഡലത്തിൽ തങ്ങി നടത്തിയ ഇടപെടലുകളിൽ കർഷകർക്ക് പുത്തൻ പ്രതീക്ഷ നൽകിക്കൊണ്ട് കൃഷിദർശനു സമാപനമായി. തങ്ങളുടെ പ്രശ്നങ്ങൾ നേരിൽക്കാണാൻ കൃഷിയിടങ്ങളിലെത്തിയ മന്ത്രിമാരുടെ സാന്നിധ്യം കർഷകർക്ക് പ്രതീക്ഷയായി. വന്യജീവിശല്യത്തിനു സോളാർവേലി നിർമിക്കാനും നെടുമങ്ങാട്ടെ മൊത്തവ്യാപാരകേന്ദ്രത്തിലെ കർഷകരുടെ കിട്ടാക്കടമായ 86-ലക്ഷം രൂപ നൽകുന്നതിനും സംസ്ഥാനത്തെ 4000-ത്തോളം കാർഷിക കർമസേന ടെക്‌നീഷ്യന്മാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനും കാർഷികവിഭവങ്ങൾ ഓൺലൈനിൽ വിറ്റഴിക്കുന്നതിനുമുള്ള സംവിധാനങ്ങൾക്കും വരെ ഈ ദിവസത്തിനിടയിൽ തീരുമാനമായി. ഏഴ് പ്രധാന കർഷക സൗഹൃദ ഉത്തരവുകളും ഇരുപതോളം വികസന പ്രവർത്തനങ്ങൾക്കുള്ള തീരുമാനങ്ങളും പുറത്തിറക്കിക്കൊണ്ടാണ് നെടുമങ്ങാട് കൃഷിദർശന് തിരശ്ശീല വീണത്.

ആയിരത്തിലധികം കർഷകരെ നേരിട്ടു കണ്ടു. അവരുടെ പ്രശ്നങ്ങൾക്കു പാടത്തുതന്നെ പരിഹാരമായി. നെടുമങ്ങാട് കൃഷിഭവനു കീഴിൽ ഇക്കോ ഷോപ്പ് അനുവദിച്ചു, നെടുമങ്ങാട് ബ്ലോക്കിലെ 55 കർഷകർക്ക് ആനുകൂല്യം നൽകി, സ്വാശ്രയ കർഷക വിപണിയുടെ പരാതി പരിഹരിക്കുന്നതിനു ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി, കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിന് പുതിയ പദ്ധതികൾക്കും കൃഷിദർശനിൽ ഉത്തരവുകളായി. വെമ്പായം പഞ്ചായത്തിൽ കെ.എൽ.ഡി.സി.യുടെ പദ്ധതി നടപ്പിലാക്കും. മൂല്യവർധിത ഉത്പന്നങ്ങളുടെ പാക്കേജിങ് വിഷയത്തിലും പരിശീലനം നൽകും. കർഷക ഗ്രാമസഭകൾ ആരംഭിക്കാനും, മഞ്ഞൾകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ബ്ലോക്ക് കേന്ദ്രീകരിച്ച് ഒരു പ്രത്യേക പദ്ധതിക്കും തുടക്കമായി.

കൃഷിദർശന്റെ സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്‌ഘാടനം ചെയ്തു. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായി. ജി.സ്റ്റീഫൻ എം.എൽ.എ., നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാ കൗൺസിലർമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മറ്റു വകുപ്പിലെ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മികച്ച കർഷകരെ കൃഷിമന്ത്രി ആദരിക്കുകയുണ്ടായി. കർഷക അവാർഡുകൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.

ശ്രദ്ധേയമായി കർഷക റാലി

: അഞ്ചുദിവസം നീണ്ട കർഷകസംഗമത്തിനു മണ്ണിന്റെ കരുത്തറിയിച്ച റാലിയോടെ സമാപനം. വൈകീട്ട് നാലിന് കച്ചേരിനടയിൽനിന്നാരംഭിച്ച റാലിയിൽ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിൽനിന്നും നഗരസഭയിൽനിന്നുമായി ആയിരക്കണക്കിനു കർഷകരെത്തി. കൃഷിവകുപ്പ്‌ മന്ത്രി പി.പ്രസാദ് കാളവണ്ടി തെളിച്ചെത്തിയത് റാലിക്ക് ആവേശം പകർന്നു.

കാർഷിക വൈവിധ്യങ്ങൾ പ്രദർശിപ്പിച്ചായിരുന്നു മിക്ക കൃഷിഭവനുകളും റാലിക്കെത്തിയത്.

മന്ത്രി ജി.ആർ.അനിൽ റാലി ഫ്ളാഗ്ഓഫ് ചെയ്തു. നെടുമങ്ങാട് ബ്ലോക്കിന്റെയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെയും സോയിൽ ഫെർട്ടിലിറ്റി മാപ്, നെടുമങ്ങാട് കാർഷിക ബ്ലോക്കിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ വിഷൻ 2026 എന്നിവ കൃഷിമന്ത്രി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിക്കു നൽകി പ്രകാശനം ചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..