Caption
പാറശ്ശാല : പാറശ്ശാല, അയിര, കാരോട്, കുളത്തൂർ മേഖലയിലെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സായ കാരാളി തോടിന്റെ കൈവഴിയായ പവതിയാൻവിള തോട്ടിലെ ജലം മലീമസമായി. തോട്ടിൽക്കൂടി ഒഴുകിയെത്തുന്നത് ദുർഗന്ധം വമിക്കുന്ന കറുത്ത നിറമുള്ള ജലമാണ്.
തവളയില്ലാക്കുളത്തിൽനിന്ന് അനധികൃതമായി തോട്ടിലേക്ക് ഒഴുക്കിവിട്ട ആഫ്രിക്കൻ പോള പലയിടത്തായി അഴുകിക്കിടക്കുന്നതും ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നതുമാണ് തോട് മലിനമാകാൻ കാരണം.
തോട്ടിലെ ജലത്തിൽനിന്ന് ഉയരുന്ന ദുർഗന്ധംമൂലം സമീപത്തെ വീടുകൾക്കുള്ളിൽപ്പോലും ഇരിക്കുവാൻ സാധിക്കാത്ത സ്ഥിതിയാണ്. കരമന കളിയിക്കാവിള പാതയിലെ തവളയില്ലാക്കുളത്തിൽനിന്നു തോട്ടിലേക്ക് വൻ തോതിൽ ഒഴുക്കിവിട്ട ആഫ്രിക്കൻ പോളകൾ തോട്ടിൽ അടിഞ്ഞുകൂടി അഴുകിയതാണ് തോടിനെ മലിനമാക്കിയത്. കുളത്തിൽനിന്ന് ആഫ്രിക്കൻ പോളകൾ വാരി കരയിലേക്കു മാറ്റുന്നതിന് പകരമായാണ് തോട്ടിലേക്ക് ഒഴുക്കിവിട്ടത്. വൻ തോതിൽ ആഫ്രിക്കൻപോളകൾ വന്നടിഞ്ഞതോടെ തോടിന്റെ ഒഴുക്ക് പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണ്. തോട്ടിലെ ജലം മലിനമായതോടെ കുളത്തിലെ മീനുകളും ചത്തടിയുകയാണ്.
ഹോട്ടലുകളിൽനിന്നും ബേക്കറികളിൽനിന്നുമുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നതും പവതിയാൻവിള തോടിനെ മലിനമാക്കുന്നു. പവതിയാൻവിള ജങ്‌ഷൻ മുതൽ തവളയില്ലാക്കുളത്തിനു സമീപംവരെയുള്ള വിവിധ ഹോട്ടലുകളിൽനിന്നു മലിനജലം തോടുകളിലേക്ക് പൈപ്പുകൾ സ്ഥാപിച്ചാണ് ഒഴുക്കിവിടുന്നത്.
മലിന ജലം തോടുകളിലേക്ക് ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ചിരുന്ന പൈപ്പുകൾ പലതവണ പഞ്ചായത്ത് അധികൃതരെത്തി കോൺക്രീറ്റ് ചെയ്ത് അടപ്പിച്ചുവെങ്കിലും ഇപ്പോഴും അത്തരം പൈപ്പുകൾ വഴി തന്നെയാണ് മലിനജലം തോട്ടിലേക്ക് ഒഴുക്കി വിടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..