• റെയിൽവേ കരാറുകാർ മണ്ണെടുക്കുവാനെത്തിയ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ
പാറശ്ശാല : റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് മണ്ണെടുത്ത് മാറ്റുന്നതുമൂലം വഴി നഷ്ടമാകുന്നതിനാൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പാറശ്ശാല വെള്ളറട പാതയിലെ റെയിൽവേ പാലത്തിനു സമീപത്തുനിന്ന് റെയിൽവേ മണ്ണെടുത്ത് മാറ്റുന്ന സ്ഥലത്താണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്.
പാറശ്ശാല പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് മഴക്കാലത്ത് തുടർച്ചയായി മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് റെയിൽവേ പഞ്ചായത്ത് ഓഫീസ് ഒഴിപ്പിച്ച് അവിടെനിന്ന് മണ്ണിടിച്ച് മാറ്റിയിരുന്നു.
ഇപ്പോൾ റെയിൽവേ ട്രാക്കിന്റെ മറുഭാഗത്തെ മണ്ണെടുക്കുന്നതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്. ഈ ഭാഗത്തുനിന്ന് റെയിൽവേ മണ്ണ് ഖനനം ചെയ്യുമ്പോൾ അൻപതോളം വീടുകളിലേക്കുള്ള വഴിയാണ് നഷ്ടമാകുന്നത്.
തിങ്കളാഴ്ച രാവിലെ റെയിൽവേ കരാറുകാർ മണ്ണെടുത്ത് മാറ്റുന്നതിന് എത്തിയപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. നിലവിലെ സ്ഥിതിയിൽ മണ്ണെടുത്ത് മാറ്റിയാൽ കാൽനടപോലും ഇതുവഴി സാധ്യമല്ലാത്ത സ്ഥിതിയാണ്.
പ്രദേശത്ത് റെയിൽവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായി റെയിൽവേ കല്ല് സ്ഥാപിച്ചിരിക്കുകയാണ്. നഷ്ടപരിഹാരം നൽകി തങ്ങളെ മാറ്റിയശേഷം മണ്ണെടുത്തു മാറ്റണമെന്ന ആവശ്യവുമായാണ് പ്രദേശവാസികളെത്തിയത്. ആർ.പി.എഫ്. ഉദ്യോഗസ്ഥരെത്തി പ്രദേശവാസികളുമായി ചർച്ച നടത്തുകയും പ്രദേശവാസികൾക്ക് വഴി നഷ്ടമാകാത്ത തരത്തിൽ മാത്രമേ മണ്ണ് മാറ്റുകയുള്ളൂവെന്ന് ഉറപ്പുലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..