Caption
പാറശ്ശാല : നെയ്യാർ ഇടതുകര കനാലിന്റെ ഭാഗമായുള്ള പൊഴിയൂർ ഫീൽഡ് കനാൽ നികത്തി റോഡ് നിർമിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഇറിഗേഷൻ വകുപ്പ് അറിയാതെ കനാൽ നികത്തിയത്. പൊഴിയൂർ പഴവഞ്ചിറയിൽനിന്ന് പൊഴിയൂരിലേക്കുള്ള രണ്ടരക്കിലോമീറ്ററോളം നീളമുള്ള കനാലാണ് പുറത്തുനിന്ന് മണ്ണും മാലിന്യങ്ങളുമുപയോഗിച്ച് നികത്തിയത്. പൊഴിയൂർ തീരദേശത്തെ ജനങ്ങൾക്ക് വെള്ളമെത്തിക്കുന്നതിനായി വർഷങ്ങൾക്കു മുൻപേ നിർമിച്ചതാണ് പഴവഞ്ചിറ കനാൽ.
കൊല്ലങ്കോട് ബ്രാഞ്ച് കനാലിൽനിന്ന് ചെയിനേജ് 21881 മീറ്റർ മുതലുള്ള പ്രദേശമാണ് അനധികൃതമായി നികത്തിയത്. പുറത്തുനിന്ന് മണ്ണ് എത്തിച്ച് ജെ.സി.ബി. ഉപയോഗിച്ച് കനാൽ പൂർണമായും മൂടി പുതിയ റോഡാണെന്ന് തോന്നുന്ന തരത്തിലാണ് നിർമാണം നടത്തിയത്.
രണ്ടുവർഷം മുൻപേ സമാനമായരീതിയിൽ കനാലിന്റെ അവസാന ഭാഗത്ത് മണ്ണിട്ട് മൂടി സമീപത്തെ ഭൂമിയിലേക്ക് വഴി നിർമിച്ചിരുന്നു. കനാൽ കൈയേറി മൂടിയതിനെതിരേ ഇറിഗേഷൻ വകുപ്പ് അധികൃതർ പൊഴിയൂർ പോലീസിൽ പരാതി നൽകിയെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനത്തെത്തുടർന്ന് പ്രതികളെ പിടികൂടാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
കനാൽ മൂടിയതു സംബന്ധിച്ച് പരാതി നൽകിയ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് മുകളിൽ പരാതി പിൻവലിക്കുന്നതിനായി വലിയ രാഷ്ട്രീയ സമ്മർദമാണുണ്ടായത്.
രാഷ്ട്രീയ സമ്മർദം ശക്തമായതിനെത്തുടർന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ മാത്രമൊതുക്കി തടിതപ്പുകയായിരുന്നു. പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂമാഫിയാ സംഘങ്ങളാണ് കനാൽ നികത്തിയതിനു പിന്നിലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയശേഷം കനാൽ നികത്തി റോഡ് നിർമിച്ച് കൂടിയ വിലയ്ക്ക് മറിച്ചുവിൽക്കുവാനാണ് ഭൂമാഫിയയുടെ ശ്രമം.
രണ്ടുവർഷം മുൻപേ സമാനമായി കനാൽ നികത്തി സമീപത്തെ ഭൂമി ഇവർ വിറ്റഴിച്ചതായാണ് പരാതി ഉയരുന്നത്. രണ്ടരക്കിലോമീറ്ററോളം നീളത്തിൽ ഇറിഗേഷൻ വകുപ്പിന്റെ കനാൽ നികത്തിയത് സംബന്ധിച്ച് ബുധനാഴ്ച ഇറിഗേഷൻ വകുപ്പ് അധികൃതർ വീണ്ടും പൊഴിയൂർ പോലീസിനു പരാതി നൽകി. പ്രദേശത്തേക്ക് വെള്ളം എത്തിയിരുന്ന കനാൽ നികത്തപ്പെട്ടത് വരുംദിവസങ്ങളിൽ പ്രദേശത്ത് വലിയതോതിലുള്ള കുടിവെള്ള ക്ഷാമത്തിനു കാരണമാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനാൽ നികത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലൻസ് മേധാവിക്കും പ്രദേശവാസി പരാതി നൽകി.
നിയമനടപടി സ്വീകരിക്കും
പഴവഞ്ചിറഭാഗത്ത് കനാൽ നികത്തി റോഡ് നിർമിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊഴിയൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് സമാനമായതരത്തിൽ മണ്ണിട്ട് കനാൽ മൂടുവാൻ ശ്രമിച്ചതുസംബന്ധിച്ച് രണ്ട് പരാതികൾ മുൻപേതന്നെ പോലീസിൽ നൽകിയിട്ടുണ്ട്
വിപിൻകുമാർ പി.എസ്., അസിസ്റ്റന്റ് എൻജിനിയർ, ഇറിഗേഷൻ കനാൽ വിഭാഗം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..