പാറശ്ശാല : സംസ്ഥാനത്തേക്കു കശാപ്പിനായി കന്നുകാലികളെ എത്തിക്കുന്നതു മര്യാദയുടെ സീമകൾ ലംഘിച്ച്. പ്ലാറ്റ്‌ഫോമിൽ കാലികളെ കിടത്തി അതിനു മുകളിൽ കാലികളെ നിർത്തി യാതൊരു ദയയും കാട്ടാതെയാണ് മൃഗങ്ങളെ കൊണ്ടുവരുന്നത്. മൃഗസംരക്ഷണ വകുപ്പാകട്ടെ ഇതിനെതിരേ നടപടി സ്വീകരിക്കുവാൻ തയ്യാറാകുന്നുമില്ല.
നിയമപ്രകാരം രണ്ട് മൃഗങ്ങളെ മാത്രം കയറ്റുവാൻ സാധിക്കുന്ന വാഹനങ്ങളിൽ ദിവസേന അതിർത്തി കടത്തിക്കൊണ്ടു വരുന്നത് ആറിലേറെ വലിയ മൃഗങ്ങളെയാണ്. വാഹനത്തിന്റെ പ്ലാറ്റ്ഫോമിൽ കന്നുകാലികളെ ചലിക്കുവാൻ സാധിക്കാത്തതരത്തിൽ കിടത്തിയശേഷം അതിനു മുകളിലായി മൂന്ന് കന്നുകാലികളെ നിർത്തിയാണ് ഇപ്പോൾ കേരളത്തിലേക്ക് ചെറിയ വാഹനങ്ങളിൽ കാലികളെ എത്തിക്കുന്നത്.
തമിഴ്‌നാട്ടിലെ മധുര, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽനിന്നെത്തുന്ന വാഹനങ്ങളിൽ ചലിക്കുവാൻപോലും സാധിക്കാതെ മണിക്കൂറുകളോളം ഒരേനിലയിൽ കിടക്കേണ്ട അവസ്ഥയാണ് മൃഗങ്ങൾക്ക്. താഴെ കിടക്കുന്നവ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ കൊമ്പുകളുടെ കുത്തേറ്റ് കഴുത്തിൽ പലപ്പോഴും വലിയ മുറിവുകളുമായാണ് എത്തുന്നത്.
ചെക്പോസ്റ്റ് നോക്കുകുത്തി
:മൃഗങ്ങളെ പരിശോധിക്കുന്നതിനായി സംസ്ഥാന അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ചെക്‌പോസ്റ്റിൽ പരിശോധനകളുമില്ല. തമിഴ്‌നാട്ടിൽനിന്നുള്ള വാഹനങ്ങൾ ചെക്‌പോസ്റ്റിൽ എത്തുന്നതിനു മുന്നെതന്നെ ഇടനിലക്കാർ സ്ഥലത്തെത്തി ഉദ്യോഗസ്ഥരെക്കണ്ട് പാസ് കൈക്കലാക്കി പോകുകയാണ് പതിവെന്നാണ് പ്രദേശത്തെ മൃഗസ്നേഹികളുടെ ആരോപണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..