ലഹരിവിമോചന കേന്ദ്രങ്ങളിലെത്തിയത് അഞ്ചുലക്ഷത്തോളം കുട്ടികൾ- ഋഷിരാജ് സിങ്


പാങ്ങോട് കേന്ദ്രീയവിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി വൈഷ്ണവി ജി.നായർ ‘നാളെയുടെ പ്രകാശങ്ങൾ’ എന്ന വിഷയത്തിൽഎഴുത്തുകാരി സുധാമൂർത്തി മാതൃഭൂമി അക്ഷരോത്സവത്തില്‍ നടത്തിയ പ്രഭാഷണത്തെക്കുറിച്ച് എഴുതുന്നു :

• വൈഷ്ണവി ജി.നായർക്ക് സുധാമൂർത്തി പുസ്തകം ഒപ്പിട്ടുനൽകുന്നു

തിരുവനന്തപുരം : താൻ എക്സൈസ് വകുപ്പിലുണ്ടായിരുന്ന കാലത്ത് കേരളത്തിലെ ലഹരിവിമോചനകേന്ദ്രങ്ങളിൽ ചികിത്സ തേടിയത് അഞ്ചുലക്ഷത്തോളം കുട്ടികളായിരുന്നുവെന്ന് മുൻ ഡി.ജി.പി. ഋഷിരാജ് സിങ്. മാതൃഭൂമി അക്ഷരോത്സവവേദിയിൽ ‘ലഹരിമയക്കം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പോർട്‌സ് ഉൾപ്പെടെയുള്ള വിനോദങ്ങൾക്കോ നല്ല സൗഹൃദങ്ങൾക്കോ സമയം കണ്ടെത്താത്ത പുതുതലമുറയിലെ കുട്ടികൾ മുഴുവൻ സമയം മൊബൈൽഫോണിന്റെ പിടിയിലാണ്‌. -അദ്ദേഹം പറഞ്ഞു.

അമ്മയെക്കൊണ്ട്‌ കഞ്ചാവുചെടി -സുവൃത കുമാർ

: സ്വന്തം വീട്ടുവളപ്പിലെ കിണറ്റിൻചുവട്ടിൽ കഞ്ചാവുചെടി നട്ട പ്ലസ്ടു വിദ്യാർഥി സ്വന്തം അമ്മയെ തെറ്റിദ്ധരിപ്പിച്ച് ആ ചെടി നട്ടുനനച്ചു വളർത്തിയതുൾപ്പെടെയുള്ള അനുഭവങ്ങളാണ് ലഹരിക്കെതിരേയുള്ള നടപടികളിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥൻ സുവൃത കുമാർ പങ്കുവെച്ചത്.

ഒരു ദിവസം പോലീസ് വീട്ടിലെത്തിയപ്പോഴാണ് ഇത് കഞ്ചാവുചെടിയാണെന്ന് വീട്ടുകാർ അറിയുന്നത്.

കൗമാരക്കാരായ കുട്ടികളുള്ള ഓരോരുത്തരും പേടിക്കണമെന്നും ഇവർ ഏതു സമയത്തും ലഹരിയിലേക്ക് കടക്കാവുന്ന അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കുടുങ്ങുന്നത് കൗമാരത്തിന്റെ തലച്ചോർ ‍-ഡോ. മോഹൻറോയ്

: കൗമാരക്കാർ ലഹരി ഉപയോഗിച്ചുതുടങ്ങുന്നതാണ് സമൂഹത്തിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമെന്ന് ഡോ. മോഹൻ റോയ് പറഞ്ഞു. കുറ്റിയിൽ കെട്ടിയിട്ട പശുവിനെപ്പോലെ അവർ ലഹരിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. പഠനവും വ്യക്തിജീവിതവും സാമൂഹികജീവിതവുമൊക്കെ നഷ്ടപ്പെടും.

ലഹരിയിൽനിന്നു മോചനം നേടണമെങ്കിൽ സ്വയം ചില ഘട്ടങ്ങളിലൂടെ കടന്നുപോകണം. ലഹരി നൽകുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കണം. -അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ പ്രദീപ് പനങ്ങാട് മോഡറേറ്ററായി.

ഞാൻ കണ്ടു, പ്രിയ എഴുത്തുകാരിയെ

ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഞാൻ വായിച്ച പുസ്തകങ്ങളെഴുതിയ വ്യക്തിയെ നേരിട്ടുകാണുന്നത് ആദ്യം. മാതൃഭൂമി അക്ഷരോത്സവം അതിനു വേദിയായി. എന്റെ പ്രിയ എഴുത്തുകാരിയെത്തന്നെ കാണാനായതിൽ ഏറെ സന്തോഷം.

അഞ്ചാംക്ലാസ് മുതൽ സുധാമൂർത്തിയുടെ പുസ്തകങ്ങൾ വായിച്ചുതുടങ്ങിയതാണ്. അവരുടെ എഴുത്ത് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നു നേരിട്ടു കേട്ടപ്പോഴും അതേ അനുഭവംതന്നെയാണ് എനിക്കുണ്ടായത്. മാനുഷികമൂല്യങ്ങൾ പകർന്നുനൽകുന്നതായി പ്രഭാഷണം.

സ്വന്തം അനുഭവങ്ങളും യഥാർഥ വ്യക്തികളുംതന്നെയാണ് തന്റെ പുസ്തകങ്ങളിൽ നിറഞ്ഞുനിൽക്കുന്നതെന്ന് അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് സുധാമൂർത്തി പറഞ്ഞു. എഴുത്തുകാരിയാക്കിയ ചില അനുഭവങ്ങളും അവർ പറഞ്ഞുതന്നു. ‘വെൻ ഐ സ്റ്റോപ്പ്ഡ് ഡ്രിങ്കിങ്ങ് മിൽക്ക്’ എന്ന പുസ്തകം എഴുതാനിടയായത് പാലിനോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല, ഒഡിഷയിൽ കണ്ടുമുട്ടിയ കുടുംബത്തിൽനിന്നു പകർന്നുകിട്ടിയ അനുഭവത്തെത്തുടർന്നാണെന്ന് അവർ ഓർമിച്ചു. പാലുകുടിക്കുന്ന ശീലംതന്നെ അതോടെ അവർ ഉപേക്ഷിച്ചു. ധനികരേക്കാൾ ഹൃദയവിശാലത ദരിദ്രർക്കാണെന്നു താൻ തിരിച്ചറിഞ്ഞത് ആ കുടുംബത്തിൽനിന്നാണെന്ന് സുധാമൂർത്തി പറഞ്ഞപ്പോൾ, കുട്ടികളുടെ മനസ്സിലേക്കു പുതിയൊരു വെളിച്ചം പ്രസരിക്കുകയായിരുന്നു.

പ്രഭാഷണത്തിലൊതുങ്ങാതെ ചോദ്യങ്ങൾ കേൾക്കാനും ഉത്തരങ്ങൾ വിശദമായിത്തന്നെ പറയാനും അവർ തയ്യാറായി. ഈ ദിവസത്തിന് എന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. സാഹിത്യത്തെ സ്നേഹിക്കുന്ന വിദ്യാർഥിയെന്ന നിലയിൽ സുധാമൂർത്തി എന്ന എഴുത്തുകാരി എനിക്കു പകർന്നുതന്ന മൂല്യങ്ങൾ എന്നും മനസ്സിലുണ്ടാകും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..