Caption
പാറശ്ശാല : വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത അപ്രതീക്ഷിത മഴയിൽ ഓടനിറഞ്ഞ് സ്കൂൾ വളപ്പിലേക്കു വെള്ളം കയറിയതോടെ സ്കൂളിനു പുറത്തിറങ്ങാനാകാതെ വിദ്യാർഥികൾ. സ്കൂൾ വിട്ടിട്ടും കുട്ടികൾക്ക് പുറത്തിറങ്ങാനാകാതെ വന്നതോടെ നാട്ടുകാരെത്തി ഓട കുത്തിത്തുറന്ന് മാലിന്യം മാറ്റി.
പാറശ്ശാലയ്ക്കു സമീപം കുറുങ്കൂട്ടി സാൽവേഷൻ ആർമി എൽ.പി. സ്കൂളിലെ വിദ്യാർഥികളാണ് വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വളപ്പിലെ വെള്ളക്കെട്ടു മൂലം പെട്ടുപോയത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരമണിയോടുകൂടി പാറശ്ശാല മേഖലയിൽ അപ്രതീക്ഷിതമായി വേനൽമഴ പെയ്യുകയായിരുന്നു. ശക്തമായ മഴയിൽ ഒഴുകിയെത്തിയ വെള്ളത്തിന് ഓടയിലെ തടസ്സങ്ങൾ മൂലം ഒഴുക്ക് തടസ്സപ്പെട്ടതോടെ വെള്ളം റോഡരികത്തെ സ്കൂൾ വളപ്പിലേക്കു കയറി. നിമിഷനേരംകൊണ്ടു തന്നെ സ്കൂൾ മുറ്റം മഴവെള്ളംകൊണ്ട് നിറഞ്ഞു. മൂന്നുമണിയോടെ മഴ മാറിയെങ്കിലും ഓടയിൽക്കൂടിയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിനാൽ ഒഴുകിയെത്തിയ വെള്ളം സ്കൂൾ വളപ്പിലേക്കുതന്നെ കയറിക്കൊണ്ടിരുന്നു. മൂന്നരമണിക്ക് സ്കൂൾ വിട്ടതോടെയാണ് വിദ്യാർഥികൾ പുറത്തിറങ്ങുവാനാകാതെ വലഞ്ഞുപോയത്. വിദ്യാർഥികളെ വിളിക്കാനെത്തിയ രക്ഷിതാക്കൾക്കും സ്കൂൾ വളപ്പിലേക്ക് കയറാനാകാതെ വന്നതോടെ നാട്ടുകാർ രംഗത്തെത്തി. സംഘടിച്ചെത്തിയ പ്രദേശവാസികൾ സ്കൂളിന് മുന്നിലെ ഓടയുടെ സ്ലാബ് ഏറെ പ്രയാസപ്പെട്ട് മാറ്റിയപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യമടിഞ്ഞ് ഓട പൂർണമായും മൂടിയതായി കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ ഓടയിലെ മാലിന്യങ്ങൾ നീക്കിയതോടെ സ്കൂൾ വളപ്പിൽനിന്ന് വെള്ളം മാറി. സ്കൂൾ മുറ്റത്തുനിന്ന് വെള്ളം മാറിയതോടെ വിദ്യാർഥികളും വീടുകളിലേക്കു മടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..