Caption
കോവളം : ദിവസങ്ങളോളം ആഹാരമില്ലാതെ എല്ലുംതോലുമായി കിടന്ന പഴയകാലം അവൻ മറന്നു. ഇന്ന് അവൻ ബാഷയായി വെങ്ങാനൂരിലെ ഷെറീഫ് മുളമൂട്ടിലിന്റെ വീട്ടിലെ അംഗവും കാവൽക്കാരനുമാണ്. നായയുടെ സ്നേഹത്തിന്റെയും ഇണക്കത്തിന്റെയും മറ്റൊരു കഥയാണ് വെങ്ങാനൂർ സ്വദേശി ഷെറീഫിന്റെ വീട്ടിൽനിന്നു കേൾക്കുന്നത്.
ഒരു വർഷം മുമ്പ് ബൈപ്പാസ് റോഡിലെ കല്ലുവെട്ടാൻ കുഴി ഭാഗത്ത് ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട നായയെ രാത്രിയിൽ ഉടമസ്ഥൻ വൈദ്യുത്തത്തൂണിൽ കെട്ടിയിട്ടിട്ട് ഉപേക്ഷിച്ചുപോയി. ശരീരത്തിൽ ചെറിയ മുറിവുകളുമായി, ഉടമയെ കാത്ത് നായ ദിവസങ്ങളോളം റോഡിലിരുന്നു. പോകുന്ന കാറുകളെ നോക്കി കുരച്ചു. ഒടുവിൽ ഈറനണിഞ്ഞ കണ്ണുമായി റോഡിൽ തളർന്ന് വീണു. കെട്ടിയിട്ടതിനാൽ ഓടാനുമായില്ല. ഒടുവിൽ ഒരിറ്റ് ആഹാരത്തിനും വെള്ളത്തിനും വേണ്ടി വഴിയോരത്ത്കൂടി പോകുന്നവരെ നോക്കി ഉച്ചത്തിൽ കുരച്ചപ്പോൾ, വലിപ്പമുള്ള നായയെക്കണ്ട് നാട്ടുകാർ ഭയത്തോടെ ഒഴിഞ്ഞുമാറി.
ഒടുവിൽ കുഴഞ്ഞുവീണ് കിടക്കുന്ന നായയെക്കുറിച്ച് നാട്ടുകാരായ യുവാക്കളാണ് മൃഗസ്‌നേഹിയായ ഷെറീഫിനെ വിവരമറിയിച്ചത്. ഷെറീഫ് എത്തിയപ്പോൾ ശരീരം ഒട്ടി വലിഞ്ഞ് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു നായയുടേത്. ബദ്ധപ്പെട്ട് തന്റെ വീട്ടിലെത്തിച്ച് വെള്ളവും ഭക്ഷണവും കൊടുത്തുവെങ്കിലും ഒരിറ്റ് കഴിക്കാൻ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല.
ഒടുവിൽ മൃഗസ്‌നേഹിയായ കിരണിന്റെ ഉപദേശപ്രകാരം ശരീരത്തെ ചെറുമുറിവുകൾ പരിചരിച്ച് ഉണക്കി. പതിയെ പതിയെ നായ ആഹാരം കഴിച്ചു തുടങ്ങി. തുടർന്ന് നടത്തിയും പ്രോട്ടീൻ കലർന്ന ആഹാരവും കൊടുത്ത് ആരോഗ്യം വീണ്ടെടുത്തു.
ഇന്ന് ബാഷ ഗാംഭീര്യത്തോടെ കുരയ്ക്കും. മരണത്തിലേക്ക് വഴുതിവീണ തന്നെ അന്നമൂട്ടി രക്ഷപ്പെടുത്തിയതിന്റെ സ്‌നേഹം ആവോളം പ്രകടിപ്പിക്കും. വീട്ടിലെ കുഞ്ഞുങ്ങളോടുപോലും ആ സ്‌നേഹം കാണാനാകുമെന്ന് ഷെറീഫിന്റെ അച്ഛൻ ജോർജ് ഡാനിയേൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..