Caption
പാറശ്ശാല : കാലങ്ങളായി വാഹനയാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരുന്ന അഞ്ചാലിക്കോണം ഇടിച്ചക്കപ്ലാമൂട് റോഡിലെ വെള്ളക്കെട്ടിനു പരിഹാരമാകുന്നു. അഞ്ചാലിക്കോണത്തിനു സമീപം വെള്ളക്കെട്ട് അനുഭവപ്പെടുന്ന സ്ഥലത്തുനിന്ന് റോഡിനു നടുവിലൂടെ ഓട നിർമിക്കും. കാലങ്ങളായി അനുഭവപ്പെടുന്ന വെള്ളക്കെട്ട് മൂലമുള്ള ദുരിതം സംബന്ധിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അഞ്ചാലിക്കോണം ഇടിച്ചക്കപ്ലാമൂട് റോഡിൽ കെ.എസ്.ആർ.ടി.സി. ഭൂമിക്കു സമീപത്തായാണ് മഴക്കാലത്ത് വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നത്. ഒഴുകിയെത്തുന്ന വെള്ളമാണ് റോഡിൽ വെള്ളക്കെട്ടുണ്ടാക്കുന്നത്. റോഡിന് ഇരുവശത്തുമുള്ള വസ്തു ഉടമകൾ മതിൽകെട്ടിയതോടെയാണ് റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു തുടങ്ങിയത്. മഴക്കാലമായാൽ ഈ പ്രദേശത്ത് ആഴ്ചകളോളം നീളും വെള്ളക്കെട്ട്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അറിയാതെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
ഈ പ്രദേശത്തെ വെള്ളക്കെട്ടു മൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ഇടപെട്ടാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്. ഫെബ്രുവരി അവസാനത്തോടുകൂടി ഓടയുടെ നിർമാണം പൂർത്തിയാക്കുന്ന തരത്തിലാണ് നിർമാണം.
കുഴിച്ചെടുത്ത മണ്ണ് വിറ്റു
പാറശ്ശാല : ഇടിച്ചക്കപ്ലാമൂട് അഞ്ചാലിക്കോണം റോഡിൽ ഓട നിർമിക്കുന്നതിനായുള്ള നിർമാണപ്രവർത്തനത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത മണ്ണ് കടത്തി മണ്ണ് മാഫിയ സ്വകാര്യ വ്യക്തികൾക്കു വിറ്റു.
സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെടുകയും വിശദമായ റിപ്പോർട്ട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. ഓട നിർമിക്കുന്നതിനായി കുഴിച്ചെടുക്കുന്ന മണ്ണ് സമീപത്തെ കെ.എസ്.ആർ.ടി.സി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സൂക്ഷിക്കുന്നതിനാണ് പി.ഡബ്ല്യു.ഡി. അധികൃതർ കരാറുകാർക്ക് നിർദേശം നൽകിയത്. എന്നാൽ, ബുധനാഴ്ച രാവിലെ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെത്തുന്നതിനു മുൻപുതന്നെ മണ്ണ് സ്വകാര്യ വ്യക്തികൾക്കു വേണ്ടി കടത്തി.
സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പെതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയശേഷമാണ് നിർത്തിവെച്ച പണി പുനരാരംഭിച്ചത്. കുഴിച്ചെടുത്ത മണ്ണ് സമീപത്തെ കെ.എസ്.ആർ.ടി.സി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഇപ്പോൾ നിക്ഷേപിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..