കനാൽ കൈയേറ്റം മാറ്റുന്നതിനായി എത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോടും തടസ്സവാദം ഉന്നയിച്ചെത്തിയവരോടുംപൊഴിയൂർ പോലീസ് ചർച്ച നടത്തുന്നു
പാറശ്ശാല : പൊഴിയൂർ പഴവഞ്ചോലയ്ക്കു സമീപം വ്യക്തികൾ മണ്ണിട്ടു നികത്തിയ കനാൽ വീണ്ടെടുക്കാനെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കു മുന്നിൽ തടസ്സമായി ഇരുപതോളംപേർ. കനാൽ വഴി വെള്ളമെത്തിയാൽ വീടുകളിലേക്കു വെള്ളം കയറുമെന്ന ന്യായമാണ് ഇവർ ഉന്നയിക്കുന്നത്. ഇവർക്കു പിന്തുണയുമായി രാഷ്ട്രീയപ്രവർത്തകർ എത്തിയത് ഉദ്യോഗസ്ഥരെ വെട്ടിലാക്കി.
വെള്ളിയാഴ്ച രാവിലെയാണ് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി എക്‌സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. മണ്ണ് കോരിമാറ്റുന്നതിനായി മണ്ണുമാന്തിയന്ത്രമുൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെയാണ് അധികൃതരെത്തിയത്. ഇതറിഞ്ഞ് ഇരുപതോളംപേർ സ്ഥലത്ത് നേരത്തെതന്നെ എത്തിയിരുന്നു. കനാൽ, കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതോടെ എതിർപ്പുമായിനിന്ന സംഘം ഉദ്യോഗസ്ഥരുടെ മുന്നിലെത്തി.
വാക്കുതർക്കങ്ങൾ ഏറെനേരം നീണ്ടപ്പോൾ ജലസേചന വകുപ്പ് അധികൃതർ പോലീസ് സഹായം തേടി. സ്ഥലത്തെത്തിയ പൊഴിയൂർ ഇൻസ്പെക്ടർ സതികുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. കനാൽ വഴി വീണ്ടും വെള്ളമെത്തിയാൽ വീടുകളിലേക്കു വെള്ളം കയറുമെന്ന കാരണം പറഞ്ഞാണ് സ്ഥലത്തെത്തിയവർ കനാൽ വീണ്ടെടുക്കാനുള്ള നടപടികളെ തടഞ്ഞത്.
തുടർന്ന് പോലീസ് വില്ലേജ് ഓഫീസറെ വിളിച്ചുവരുത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. കനാൽ കൈയേറി മണ്ണ് നിക്ഷേപിച്ചതു സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതായി വില്ലേജ് ഓഫീസർ അറിയിച്ചു.
എന്നാൽ, സ്ഥലത്തെത്തിയവർ തങ്ങൾക്ക് കനാൽ വേണ്ട റോഡ് മതിയെന്ന നിലപാട് തുടർന്നതോടെ കളക്ടറുടെ തീരുമാനത്തിനായി കാത്തിരിക്കാൻ പോലീസും ജലസേചന വകുപ്പും തീരുമാനിച്ചു.
നികത്തിയവരെ ആർക്കും 'അറിയില്ല'
:പഴവഞ്ചോലയിൽ കനാലിൽ മണ്ണ് നികത്തിയതാരെന്ന് ആർക്കും അറിയില്ല. എന്നാൽ, കനാൽ വീണ്ടെടുക്കാനുള്ള ജലസേചന വകുപ്പ് നടപടിക്കെതിരേ ഇരുപതോളംപേരാണ് വെള്ളിയാഴ്ച സ്ഥലത്തെത്തിയത്. മുൻപ് രണ്ടുതവണയും ഇത്തരത്തിൽ കനാൽ നികത്തിയതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇത്തവണ മൂന്നു ദിവസത്തോളം രാത്രിയിൽ വ്യാപകമായി മണ്ണെത്തിച്ചാണ് കനാൽ നികത്തിയതെങ്കിലും കനാൽ നികത്തിയവരെ അറിയില്ലെന്നാണ് ഇത്തവണയും പ്രദേശവാസികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..