പാറശ്ശാല : എൻജിനിയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥരുടെ അഭാവത്തിൽ നടപ്പാത നിർമാണം നടത്തിയത് പഞ്ചായത്ത് അംഗം തടഞ്ഞു. പഞ്ചായത്ത് അംഗം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടതിനുശേഷവും നിർമാണം തുടർന്നത് പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് മൊബൈൽ ഫോണിൽ ചിത്രീകരിക്കുവാൻ ശ്രമിച്ചത് കരാറുകാരൻ തടഞ്ഞു. ഇരുവരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിന്റെ മൊബൈൽ ഫോൺ നശിപ്പിച്ചതായി പരാതി.
കുളത്തൂർ പഞ്ചായത്തിലെ ഉച്ചക്കട വാർഡിൽ പാട്ടവിളയിൽ നടത്തിയ നടപ്പാത കോൺക്രീറ്റിങ്ങിനെ ത്തുടർന്നാണ് കരാറുകാരനും പഞ്ചായത്ത് അംഗവും തമ്മിൽ തർക്കം ഉടലെടുത്തത്.
കരാറുകാരൻ അജിനും വാർഡ് അംഗം ബിന്ദു റോബിൻസണും തമ്മിലാണ് വാക്കേറ്റമുണ്ടായത്. അവധിദിവസമായിരുന്ന ശനിയാഴ്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കോൺക്രീറ്റ് നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പഞ്ചായത്ത് അംഗവും ഭർത്താവും സ്ഥലത്തെത്തിയത്. നിർമാണത്തിൽ സംശയംതോന്നിയ പഞ്ചായത്ത് അംഗം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ നിർമാണവുമായി മുന്നോട്ടുപോയി. നിർമാണം പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കരാറുകാരൻ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുവാൻ ശ്രമിച്ചതാണ് തർക്കത്തിൽ കലാശിച്ചത്. ഇരുവരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിന്റെ മൊബൈൽ ഫോൺ നശിച്ചു.
സി.പി.എമ്മിന്റെ പഞ്ചായത്ത് അംഗമാണ് ബിന്ദു. കരാറുകാരന്റെ സഹോദരനായ അജീഷ് കഴിഞ്ഞ ഭരണസമിതിയിലെ ഈ വാർഡിലെത്തന്നെ സി.പി.എമ്മിന്റെ പഞ്ചായത്ത് അംഗമായിരുന്നു. തർക്കം നടക്കുമ്പോൾ മുൻ വാർഡ് അംഗം അജീഷ് സംഭവസ്ഥലത്തുണ്ടായിരുന്നു.
സംഭവം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇരുവിഭാഗത്തിനോടും പാർട്ടി ഓഫീസിലെത്തുവാൻ നേതൃത്വം നിർദേശം നൽകിയെങ്കിലും കരാറുകാരൻ എത്തിയില്ല. ഇതിനെത്തുടർന്ന് പഞ്ചായത്ത് അംഗം കരാറുകാരനെതിരേ പൊഴിയൂർ പോലീസിൽ പരാതി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..