റോഡ് മുറിച്ച് കടക്കണോ... ജീവൻ പണയംവയ്ക്കണം


1 min read
Read later
Print
Share

Caption

പാറശ്ശാല : റോഡിൽ സീബ്രാവരകൾ പലയിടത്തുമുണ്ടെങ്കിലും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുവാൻ വാഹന ഡ്രൈവർമാർ കനിയണം. സ്ത്രീകളും കുട്ടികളും പ്രായമേറെയായവരുമാണ് റോഡ് മുറിച്ച് കടക്കുന്നതിന് ഏറെ ബുദ്ധിമുട്ടുന്നത്. പാറശ്ശാലയിലും ഉദിയൻകുളങ്ങരയിലും സ്ത്രീകളും കുട്ടികളുമൊക്കെ റോഡ് മുറിച്ച് കടക്കുന്നതിനായി ഏറെനേരം കാത്തുനിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. കരമന കളിയിക്കാവിള പാതയിലും കളിയിക്കാവിള -പൂവാർ പാതയിലുമാണ് റോഡ് മുറിച്ച് കടക്കുന്നതിനായി ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നത്.

കരമന-കളിയിക്കാവിള പാതയിൽ ചെറുതും വലുതുമായ വാഹനങ്ങൾ തുടർച്ചയായി കടന്നുവരുന്നത് റോഡുമുറിച്ചുകടക്കുന്നത് ദുഷ്കരമാക്കുന്നു.

സീബ്രാവരകൾ പേരിനുമാത്രം

ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാറശ്ശാല ടൗണിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനുമുന്നിൽ മാത്രമാണ് സീബ്രാവരയുള്ളത്. അഞ്ച് സ്കൂളുകളിലെ വിദ്യാർഥികളും നിരവധി സർക്കാർ സ്ഥാപനങ്ങളിലേക്കെത്തുന്ന സാധാരണക്കാരുമടക്കമുള്ളവർ എത്തുന്ന പാറശ്ശാല പോസ്റ്റോഫീസ് ജങ്ഷനിൽപ്പോലും സീബ്രാവരകൾ ഇല്ല. പോസ്റ്റോഫീസ് ജങ്ഷനിൽ ബസ് സ്റ്റോപ്പിനു സമീപത്തായി സീബ്രാവര വേണമെന്ന് നിരവധി തവണ ആവശ്യമുയർന്നിട്ടും അധികൃതർ ഗൗനിക്കുന്നില്ല. നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പാറശ്ശാല വെള്ളറട പാതയിലും സ്ഥിതി ഭിന്നമല്ല. ട്രഷറി സ്ഥിതിചെയ്യുന്ന ഈ പാതയിൽ ആവശ്യത്തിന് സീബ്രാവരകൾ ഇല്ലാത്തതുമൂലം പെൻഷൻ വാങ്ങുവാനെത്തുന്ന വൃദ്ധരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

സ്‌കൂളിനു മുന്നിൽപ്പോലും സീബ്രാ വരകളില്ല

ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഇവാൻസ് ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിൽപ്പോലും സീബ്രാവരകളില്ല. വിദ്യാർഥികൾ റോഡുമുറിച്ച് കടക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങൾ ചീറിപ്പായുന്ന കരമന-കളിയിക്കാവിള പാതയിൽ വിദ്യാർഥികൾ ജീവൻ പണയംവെച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്.

റോഡ് മുറിച്ച് കടക്കുന്നതിനായി വിദ്യാർഥികൾ നിൽക്കുന്നത് കണ്ടാൽപ്പോലും ഡ്രൈവർമാർ വാഹനം നിർത്താറില്ല. ഇവാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി ഗാന്ധിപാർക്കിനു മുന്നിലായി മുൻപ് സീബ്രാവര ഉണ്ടായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ടാറിടലിനുശേഷം ഇവിടെ സീബ്രാവരയില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..