പാറശ്ശാല : ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനാൽ നികത്തി പഞ്ചായത്ത് നടപ്പാത നിർമിച്ചതായി പരാതി. ചെങ്കൽ പഞ്ചായത്തിലെ കോടങ്കരയിൽ വർഷങ്ങൾക്കുമുന്പ് ഇറിഗേഷൻ വകുപ്പ് നിർമിച്ച കനാലാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നികത്തിയത്.
നെയ്യാർ ഇടതുകര കനാലിന്റെ പാറശ്ശാല സെക്‌ഷനു കീഴിൽവരുന്ന കോടങ്കര സബ് കനാലാണ് അറുപത് മീറ്ററിലധികം മണ്ണിട്ടുനികത്തിയത്. വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശമാണിത്.
പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്നാണ് ഈ ഭാഗത്തേക്ക് സബ് കനാൽ നിർമിച്ചത്. പ്രധാന കനാലിൽനിന്ന് സബ് കനാലിലേക്ക് വെള്ളം എത്തുന്ന ഭാഗം അടച്ചശേഷമാണ് ഈ ഭാഗത്ത് പുറത്തുനിന്നു മണ്ണെത്തിച്ച് നികത്തിയത്.
കനാൽ നികത്തിയപ്പോൾത്തന്നെ പരാതി ഉയർന്നെങ്കിലും ഇറിഗേഷൻ വകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. പ്രദേശവാസികൾ പരാതി നൽകിയപ്പോൾ കനാൽ നികത്തി നടപ്പാത നിർമിക്കുന്ന ജോലി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പാറശ്ശാല അസിസ്റ്റന്റ് എൻജിനിയർ ജനുവരി 19-ന് ചെങ്കൽ പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും കത്തു നൽകി.
എന്നാൽ ഇറിഗേഷൻ വകുപ്പ് നൽകിയ കത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ല. പകരം തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി 37.17 ലക്ഷം രൂപ വിനിയോഗിച്ച് കനാൽ നികത്തി നടപ്പാത നിർമാണവുമായി മുന്നോട്ടുപോകുകയായിരുന്നു.
കനാൽ കൈയേറ്റം ജലക്ഷാമം രൂക്ഷമാക്കും
നെയ്യാർ ഇറിഗേഷൻ പ്രോജക്ടിനു കീഴിലെ കനാലുകൾ വൻതോതിൽ കൈയേറി നികത്തുന്നത് പദ്ധതിപ്രദേശത്ത് വലിയ തോതിലുള്ള ജലക്ഷാമത്തിനു കാരണമാകും.
പാറശ്ശാല മേഖലയിൽ മാത്രം ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ നികത്തിയതായി കണ്ടെത്തിയ രണ്ടാമത്തെ കനാലാണ് കോടങ്കരയിലേത്. രണ്ടാഴ്ച മുന്നെ പൊഴിയൂരിനു സമീപം പഴവഞ്ചോലയിലും വലിയ തോതിൽ കനാൽ നികത്തിയത് വിവാദമായിരുന്നു.
രണ്ടിടങ്ങളിലും കനാൽ നികത്തി റോഡ് നിർമിക്കുകയാണുണ്ടായത്. ഇത്തരത്തിൽ നെയ്യാർ ഇടതുകര കനാലിന്റെ പാറശ്ശാല സെക്‌ഷനിൽ നിരവധി ഇടങ്ങളിൽ കനാൽ അനധികൃതമായി കൈയേറി നികത്തിയതോടെ പല പ്രദേശങ്ങളിലും കനാൽ ജലം എത്തുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..