മലിനമായി ഒഴുകുന്ന പവതിയാൻവിള തോട്
പാറശ്ശാല : വേനൽക്കാല കൃഷിക്കായി പാറശ്ശാല മേഖലയിൽ കനാൽ ജലമെത്തിയെങ്കിലും ലഭിച്ച വെള്ളം കൃഷിയിടത്തിേലക്ക് കയറ്റാനാകാതെ കർഷകർ. മുറിയത്തോട്ടം, കാരോട്, അയിര മേഖലയിലെ കർഷകർക്കാണ് ദുരിതം. തവളയില്ലാക്കുളത്തിൽ നിന്നൊഴുക്കിവിട്ട ആഫ്രിക്കൻ പോള തോട്ടിൽ അടിഞ്ഞുകൂടി അഴുകി ദുർഗന്ധം വമിക്കുന്ന വെള്ളമായതിനാലാണ് കർഷകർ കൃഷിയിടത്തിലേക്ക് വെള്ളം കയറ്റാത്തത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആഫ്രിക്കൻ പോള ഒഴുക്കിവിട്ടെന്ന കാരണത്താലാണ് മാലിന്യം മാറ്റാൻ പഞ്ചായത്ത് തയ്യാറാകാത്തത്. എന്നാൽ ഇതൊഴുക്കിവിടാൻ നേതൃത്വം നൽകിയ പഞ്ചായത്തംഗവും ഇതിനു മുൻകൈയെടുക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
ഒന്നരമാസം മുൻപാണ് പാറശ്ശാല കീഴ്‌ത്തോട്ടം വാർഡിലെ തവളയില്ലാക്കുളത്തിൽനിന്ന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ആഫ്രിക്കൻ പോളകൾ പവതിയാൻവിള തോട്ടിലേക്ക് ഒഴുക്കിവിട്ടത്. അപ്പോൾത്തന്നെ കർഷകർ ഇതു നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇതോടെ ഒന്നരമാസമായി പവതിയാൻവിള തോട്ടിലെ വെള്ളം പൂർണമായും മലിനമാണ്.
വേനൽ കടുത്തതോടെ കനാൽ ജലം തുറന്നുവിട്ടെങ്കിലും ആഫ്രിക്കൻ പോളകൾ കെട്ടിക്കിടന്ന് അഴുകിയെത്തുന്ന വെള്ളത്തിൽ ദുർഗന്ധം തുടരുന്നതിനാൽ കർഷകർക്ക് വെള്ളം കൃഷിയിടത്തിലേക്ക് കയറ്റാൻ സാധിക്കുന്നില്ല.
കനാൽ ജലം അടയ്ക്കുന്നതിനു മുന്നെ മാലിന്യങ്ങൾ മാറ്റിയില്ലായെങ്കിൽ കർഷകർക്ക് കൃഷിയിടത്തിലേക്ക് വെള്ളം കയറ്റാനാകാതാകും. ഇത് കാർഷികനാശത്തിന് കാരണമാകുമെന്ന ഭീതിയിലാണ് പ്രദേശത്തെ കർഷകർ. തോട്ടിൽക്കൂടെ ഒഴുകിപ്പോകുമെന്ന വിശ്വാസത്തിലാണ് കുളത്തിൽനിന്ന് ആഫ്രിക്കൻ പോളകൾ ഒഴുക്കിവിട്ടതെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്നും പഞ്ചായത്തംഗം താര പറഞ്ഞു.
മലിനമായത് കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ്സ്
ആഫ്രിക്കൻ പോളകൾ ഒഴുക്കിവിട്ടതിനെത്തുടർന്ന് മലിനമായത് നിരവധി കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ്സാണ്. പവതിയാൻവിള തോട്ടിലെ ജലം മുറിയത്തോട്ടത്തു വെച്ച് കാരാളി തോടുമായി ചേർന്ന് കാരോട്, കുളത്തൂർ പഞ്ചായത്തുകളിലൂടെ ഒഴുകിയാണ് നെയ്യാറിലെത്തുന്നത്.
കാരാളി തോട്ടിലെ ജലത്തെ ആശ്രയിച്ചാണ് കാരോട്, കുളത്തൂർ, ചെങ്കൽ പഞ്ചായത്തിലെ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. തോട്ടിലെ ജലം കുളങ്ങളിൽ ശേഖരിച്ച് അവിടെനിന്നാണ് കുടിവെള്ള പദ്ധതികളിലേക്ക് ഉപയോഗിക്കുന്നത്. കൂടാതെ അയിരമുതലുള്ള ഗ്രാമീണ മേഖലകളിൽ ജനങ്ങൾ കുളിക്കുന്നതിനും കാരാളി തോടിനെ ആശ്രയിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..