പാറശ്ശാല : അനധികൃതമായി വയൽ നികത്തിയ മണ്ണുമാന്തിയന്ത്രം പിടികൂടി കേസെടുത്ത സംഭവത്തിൽ മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമ വില്ലേജ് ഓഫീസറുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി. മണ്ണുമാഫിയയുടെ ഭീഷണിയെത്തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും വകുപ്പുതലത്തിൽനിന്നു പിന്തുണ ലഭിക്കാതെവന്നതോടെ വില്ലേജ് ഓഫീസർ പരാതി പിൻവലിച്ച് അവധിയിൽ പ്രവേശിച്ചു.
ചെങ്കൽ വില്ലേജ് ഓഫീസർ വി.ആർ.ഷൈൻ ആണ് മണ്ണുമാഫിയയുടെ ഭീഷണിയെത്തുടർന്ന് അവധിയിൽ പ്രവേശിച്ചത്. ചെങ്കൽ ഗ്രാമപ്പഞ്ചായത്തിലെ തോട്ടിൻകര കേന്ദ്രീകരിച്ച് സ്വകാര്യവ്യക്തി വയൽ നികത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് ഫെബ്രുവരി മാസത്തിൽ ചെങ്കൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥലത്ത് വയലിൽനിന്നു മണ്ണുകോരുന്നതിനായി ഉപയോഗിച്ച രണ്ട് മണ്ണുമാന്തിയന്ത്രം പിടികൂടി പാറശ്ശാല പോലീസിനു കൈമാറുകയും ചെയ്തിരുന്നു. പിടികൂടിയ മണ്ണുമാന്തിയന്ത്രത്തിന് രണ്ടരലക്ഷം രൂപവീതം കളക്ടറേറ്റിൽനിന്നു പിഴ അടയ്ക്കുന്നതിനായി ഒരാഴ്ചമുന്നെ ഉത്തരവായിരുന്നു.
തുടർന്നാണ് ശനിയാഴ്ച രാവിലെ മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമ ചെങ്കൽ വില്ലേജ് ഓഫീസറുടെ വീട്ടിലെത്തി വധഭീഷണി മുഴക്കിയത്. വില്ലേജ് ഓഫീസർ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, സംഭവത്തിൽ വകുപ്പിൽനിന്നു പിന്തുണ ലഭിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കൈയൊഴിയുന്ന നടപടിയാണ് ഉന്നത ഉദ്യോഗസ്ഥരിൽനിന്നുണ്ടായത്. വകുപ്പുതലത്തിൽനിന്ന് പിന്തുണ ലഭിക്കില്ലായെന്ന് ഉറപ്പായതോടെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിച്ച് മൂന്നുമാസത്തേക്ക് അവധിയിൽ പ്രവേശിച്ചു.
മണ്ണുമാഫിയാ സംഘങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനു നേരേ വധഭീഷണി ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസറെ കൈവിട്ടതായുള്ള ആരോപണത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ അമർഷം ശക്തമാകുന്നു.
എന്നാൽ, വകുപ്പുതലത്തിലുള്ള പിന്തുണ വില്ലേജ് ഓഫീസർക്കുണ്ടാകുമെന്നും കൈവിട്ടതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ഡെപ്യൂട്ടി തഹസീൽദാർ ശ്രീകല പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..