• കരമന കളിയിക്കാവിള റോഡ് കൈയടക്കി പോസ്റ്റോഫീസ് ജങ്ഷനിൽ യാത്രക്കാരെ കയറ്റിയിറക്കുന്ന ട്രാൻസ്പോർട്ട് ബസുകളും സമാന്തര വാഹനവും
പാറശ്ശാല : പാറശ്ശാല പോസ്റ്റോഫീസ് ജങ്ഷനിൽ ട്രാൻസ്പോർട്ട് ബസുകളും സമാന്തര വാഹനങ്ങളും തോന്നിയപോലെ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കുരുക്കൊഴിവാക്കാൻ ബസ്‌സ്റ്റോപ്പുകൾ മാറ്റിസ്ഥാപിച്ച് തീരുമാനമുണ്ടായെങ്കിലും വീണ്ടും വാഹനങ്ങൾ പഴയപടിയാണ് നിർത്തുന്നത്. ഇവിടെ ട്രാൻസ്‌പോർട്ട് ബസുകളും സമാന്തരവാഹനങ്ങളും നിർത്തിയിടുന്നതും ഗതാഗതത്തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ബസ്‌സ്റ്റോപ്പ് കൈയേറി സമാന്തരവാഹനങ്ങൾ പതിനഞ്ചു മിനിറ്റിലധികം നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്.
ഈ സമയം, പിന്നാലെയെത്തുന്ന ട്രാൻസ്പോർട്ട് ബസുകൾ റോഡിന് നടുവിൽ വാഹനം നിർത്തി യാത്രക്കാരെ കയറ്റിയിറക്കും.
ഇരുവശത്തേക്കുമുള്ള ബസ്‌സ്റ്റോപ്പുകളിലും ബസുകൾ നിർത്തിയിടുന്നത് തിരക്കേറിയ സമയങ്ങളിൽ വലിയ കുരുക്കാണുണ്ടാക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സ്കൂളിനു സമീപത്തേക്ക് ബസ്‌സ്റ്റോപ്പ് മാറ്റിയെങ്കിലും അവിടെ ബസ് കാത്തുനിൽക്കാൻ സ്ഥലമില്ലാത്തതാണ് സ്റ്റോപ്പ് മാറ്റം വിജയിക്കാതെപോയതിനുള്ള കാരണം.
പരീക്ഷണം വിജയിച്ചത് ആശുപത്രി ജങ്ഷനിൽ
ബസ്‌സ്റ്റോപ്പ് മാറ്റിസ്ഥാപിച്ചുള്ള ഗതാഗതക്കുരുക്കൊഴിവാക്കാനുള്ള ശ്രമം ആശുപത്രി ജങ്ഷനിൽ വിജയംകണ്ടു.
ആശുപത്രി ജങ്ഷനിലെ രണ്ട് റോഡുകൾ സംഗമിക്കുന്ന സ്ഥലത്തുണ്ടായിരുന്ന ബസ്‌സ്റ്റോപ്പുകളാണ് ജങ്ഷനിൽനിന്നു മാറ്റി ദൂരത്തായി സ്ഥാപിച്ചത്.
കൂടാതെ പഞ്ചായത്തധികൃതർ മൂന്നിടങ്ങളിലും താത്‌കാലിക ബസ് കാത്തിരുപ്പുകേന്ദ്രങ്ങളും നിർമിച്ചിരുന്നു.
വെയിലും മഴയുമേൽക്കാതെ ബസ് കാത്തുനിൽക്കാമെന്നായതോടെ യാത്രക്കാർ പൂർണമായും പുതിയ ബസ്‌സ്റ്റോപ്പിലേക്ക് മാറി.
ഇതോടെ സ്റ്റോപ്പ് മാറ്റിസ്ഥാപിക്കൽ വിജയിച്ചു. ആശുപത്രി ജങ്ഷനിലെ ഗതാഗതക്കുരുക്കും പരിഹരിക്കാനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..