Caption
പാറശ്ശാല : പ്രതിസന്ധികൾക്കുമുന്നിൽ തളരാതെ പോരാടി വിജയംകൊയ്ത വനിതാക്കൂട്ടായ്മ വനിതാദിനത്തിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്നു. പാറശ്ശാല ഗ്രാമപ്പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡിലെ കാരുണ്യ എൻ.എച്ച്.ജി. എന്ന വനിതാ കർഷകക്കൂട്ടായ്മയാണ് കൃഷിഭവന്റെ സഹായത്തോടെ ചിപ്സ് നിർമാണം ആരംഭിച്ച് വിജയംവരിച്ചത്.
പാറശ്ശാല കൃഷിഭവനുകീഴിൽ രൂപവത്കരിച്ച ‘കാരുണ്യ’ എന്ന വനിതാക്കൂട്ടായ്മയുടെ നേതൃത്വത്തിൽ വാർഡിന്റെ വിവിധ പ്രദേശങ്ങളിൽ മരച്ചീനിക്കൃഷി ആരംഭിച്ചിരുന്നു. എന്നാൽ വിളവെടുപ്പുകാലമായതോടെ മരച്ചീനിയുടെ വില കുത്തനെ ഇടിഞ്ഞു. മരച്ചീനി വിറ്റാൽ കൃഷിക്ക് ചെലവാക്കിയ തുകപോലും തിരികെ ലഭിക്കില്ലെന്നതായിരുന്നു സ്ഥിതി. എന്നാൽ, ഈ പ്രതിസന്ധിക്കു മുന്നിൽ പതറാതെ തങ്ങൾ ഉത്‌പാദിപ്പിച്ച മരച്ചീനി മൂല്യവർധിത ഉത്പന്നമാക്കിമാറ്റി നഷ്ടം ഒഴിവാക്കുവാനായിരുന്നു കൂട്ടായ്മയുടെ തീരുമാനം.
ഇവർക്ക് കൈത്താങ്ങായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുവന്നതോടെ വനിതാക്കൂട്ടായ്മയ്ക്ക് ധൈര്യമായി. അംഗങ്ങളെ കേന്ദ്ര കിഴങ്ങുഗവേഷണകേന്ദ്രത്തിലെത്തിച്ച് ചിപ്സ് നിർമാണത്തിനുള്ള പരിശീലനം നൽകി. പരിശീലനം കഴിഞ്ഞെത്തിയ അംഗങ്ങൾ രാപകൽ വിശ്രമമില്ലാതെ പണിയെടുത്ത് മരച്ചീനി ചിപ്സിന്റെ നിർമാണം ആരംഭിച്ചു.
തങ്ങൾ കൃഷിചെയ്ത മരച്ചീനി തീർന്നതോടെ പ്രദേശത്തെ കർഷകരിൽനിന്നു ന്യായവില നൽകി മരച്ചീനി സംഭരിച്ചും ഇവർ ചിപ്സ് നിർമിച്ച് വിൽപ്പനയാരംഭിച്ചതോടെ പ്രദേശത്തെ കർഷകർക്കും ഇതു സഹായകരമായി. ആദ്യഘട്ടത്തിൽ മരച്ചീനിക്കു പുറമേ പ്രദേശത്തെ കർഷകരിൽനിന്നു കിഴങ്ങുവർഗങ്ങളായ ചേന, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, കൂടാതെ വാഴയ്ക്ക തുടങ്ങിയവയാണിവർ പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് വിപണിയിലിറക്കിയത്. നൂറ് ഗ്രാമിന് മുപ്പത്തിയഞ്ച് രൂപ നിരക്കിലാണ് ഇവർ വിറ്റഴിക്കുന്നത്.
ഇതു വിജയിച്ചതോടെയാണ് രണ്ടാംഘട്ടപ്രവർത്തനങ്ങൾക്ക് കാരുണ്യ വനിതാക്കൂട്ടായ്മ തയ്യാറെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..