കെ.എസ്.ആർ.ടി.സി. ഡംപിങ് യാർഡിനു സമീപം തീപ്പിടിത്തം


1 min read
Read later
Print
Share

അഗ്നിബാധയുണ്ടായത് എൺപതോളം ബസുകൾ പാർക്ക് ചെയ്തിരിക്കുന്നതിനു സമീപം സംഭവത്തിൽ ദുരൂഹത

• കെ.എസ്.ആർ.ടി.സി. ഡംപിങ് യാർഡിനു സമീപമുണ്ടായ അഗ്നിബാധ നിയന്ത്രിക്കുവാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേനാവിഭാഗം ഉദ്യോഗസ്ഥർ

പാറശ്ശാല : ഇടിച്ചക്കപ്ലാമൂടിനു സമീപത്തെ കെ.എസ്.ആർ.ടി.സി. ഉടമസ്ഥതയിലുള്ള ഭൂമിയിൽ തീപ്പിടിത്തം. എൺപതോളം കെ.എസ്.ആർ.ടി.സി. ബസുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിനു സമീപമായിരുന്നു അഗ്നിബാധ. സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയമുയർന്നിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീപ്പിടിത്തം. ബസുകൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തിനു സമീപത്തായി പുല്ലുകളിലായിരുന്നു ആദ്യം തീപിടിച്ചത്. പിന്നീട് അക്കേഷ്യാ മരത്തിന്റെ ഉണങ്ങിയ ഇലകളിലേക്കു തീ പടർന്നതോടെ നിയന്ത്രണാതീതമായി. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കുവാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പാറശ്ശാല അഗ്നിരക്ഷാസേനയുടെ സഹായം തേടി. ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീ അണയ്ക്കാനായത്.

കേടായ എൺപതിലധികം ബസുകൾ സൂക്ഷിച്ചിട്ടുള്ള ഭൂമിയാണിത്. ബസുകൾക്കു പുറമേ മോട്ടോർ വാഹനവകുപ്പ് വിവിധ കേസുകളിലായി പിടികൂടിയ നൂറോളം മറ്റു വാഹനങ്ങളും ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്.

ജനസഞ്ചാരം കുറഞ്ഞ ഈ പ്രദേശം സമൂഹവിരുദ്ധരുടെയും മദ്യപൻമാരുടെയും കേന്ദ്രമാണ്. ഇത്തരത്തിലെത്തിയവർ അലക്ഷ്യമായി ഉപേക്ഷിച്ച സിഗരറ്റിൽനിന്ന് തീ പടർന്നതാകാമെന്ന് സംശയമുയർന്നിട്ടുണ്ട്.

ഈ ഭൂമിയിലെ കുറ്റിക്കാടുകൾ ഉണങ്ങിയ നിലയിലായതിനാൽ ഇനിയും അഗ്നിബാധയുണ്ടാകുവാൻ സാധ്യതയുണ്ടെന്നും സ്ഥലത്ത് മുഴുവൻ സമയവും സുരക്ഷാജീവനക്കാരെ നിയമിക്കണമെന്നും അഗ്നിരക്ഷാസേനാ വിഭാഗം കെ.എസ്.ആർ.ടി.സി. അധികൃതരെ അറിയിച്ചു. സ്റ്റേഷൻ ഓഫീസർ കെ.വി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ കെ.ജി.വേണുഗോപാൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രതീഷ് ചന്ദ്രൻ, ഓഫീസർമാരായ പ്രതാപചന്ദ്രൻ, സുജിത്ത്, ഷിജു, ഷെഫീക് എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..