പാറശ്ശാലയിലെ വാതകശ്മശാനത്തിൽ ജില്ലാപ്പഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിർമിക്കുന്ന രണ്ടാം യൂണിറ്റിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
പാറശ്ശാല : തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ആധുനിക ശ്മശാനനിർമാണത്തിനായി തയ്യാറാക്കിയ പദ്ധതികൾ വിവിധ എതിർപ്പുകൾ മൂലം നടപ്പാക്കാനാകാതെ ഉഴലുമ്പോൾ പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ രണ്ടാമത്തെ വാതകശ്മശാനത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. പാറശ്ശാല ഗ്രാമപ്പഞ്ചായത്തിനു കീഴിൽ നിലവിലുള്ള വാതകശ്മശാനത്തിൽത്തന്നെയാണ് രണ്ടാമത്തെ യൂണിറ്റും.
പാറശ്ശാല പഞ്ചായത്തിനു പുറമേ മറ്റു പഞ്ചായത്തുകളിൽ നിന്നും സംസ്‌കാരത്തിനായി മൃതദേഹങ്ങൾ എത്തിത്തുടങ്ങിയതോടെ നിലവിലുള്ള യൂണിറ്റ് മതിയാകാത്ത സ്ഥിതിയായി. ഇതേത്തുടർന്ന് പുതിയ യൂണിറ്റ് നിർമിക്കുന്നതിനായി നാൽപ്പതുലക്ഷം രൂപ ജില്ലാപ്പഞ്ചായത്തംഗം വി.ആർ.സലൂജ അനുവദിക്കുകയായിരുന്നു. പുതിയ യൂണിറ്റും മൃതദേഹം സംസ്‌കരിക്കുന്നതിനു മുന്നോടിയായുള്ള മതപരമായ ചടങ്ങുകൾ നടത്തുന്നതിനും മൃതദേഹത്തോടൊപ്പം എത്തുന്നവർക്കു വിശ്രമിക്കുന്നതിനുള്ള കേന്ദ്രവുമാണ് നിർമിക്കുന്നത്. ഏപ്രിൽ ആദ്യവാരത്തോടെ യൂണിറ്റ് പ്രവർത്തനമാരംഭിക്കാൻ കഴിയുന്ന തരത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.
മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിർമാണം പൂർത്തിയാക്കിയ വാതകശ്മശാനം കോവിഡ് കാലത്താണ് പ്രവർത്തനമാരംഭിച്ചത്. തൊഴിലാളികളുടെ പരിശീലനം പൂർത്തിയാകാത്തതിനാൽ പ്രവർത്തനമാരംഭിക്കാതെ അടച്ചിട്ടിരുന്ന ശ്മശാനം, കോവിഡ് കാലത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനായി ശ്മശാനങ്ങൾ ലഭിക്കാതായതോടെ മാതൃഭൂമി വാർത്തയെത്തുടർന്ന് അടിയന്തരമായി പ്രവർത്തനമാരംഭിക്കുകയായിരുന്നു.
പാചകവാതകത്തിൽ പ്രവർത്തിക്കുന്ന ശ്മശാനത്തിന്റെ നിർമാണഘട്ടത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തുവന്നെങ്കിലും പ്രദേശവാസികളെ ബോധവത്കരിച്ചശേഷം നിർമാണം പൂർത്തിയാക്കി.
നിലവിലുള്ള യൂണിറ്റിൽ ഒരു മൃതദേഹം സംസ്‌കരിച്ചു കഴിഞ്ഞാൽ രണ്ടു മണിക്കൂറിനു ശേഷം മാത്രമേ അടുത്ത മൃതദേഹം സംസ്‌കരിക്കാൻ സാധിക്കുകയുള്ളൂ. പാറശ്ശാലയ്ക്കു പുറമേ എട്ടു പഞ്ചായത്തുകളിൽനിന്നും നെയ്യാറ്റിൻകര നഗരസഭാപ്രദേശങ്ങളിൽനിന്നും മൃതദേഹങ്ങളെത്തി തുടങ്ങിയതോടെ പലപ്പോഴും ഇവ സംസ്‌കരിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് പുതിയ യൂണിറ്റ് നിർമിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..