• കനാൽജലം ലഭിക്കാത്തതിനെത്തുടർന്ന് കാരോട് പാടശേഖര കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ ഇറിഗേഷൻ വകുപ്പിന്റെ പാറശ്ശാല ഓഫീസ് ഉപരോധിക്കുന്നു
പാറശ്ശാല : കനാൽ തുറന്നെങ്കിലും കൃഷിയിടങ്ങളിൽ വെള്ളമെത്താതായതോടെ കാരോട് മേഖലയിലെ കർഷകർ ദുരിതത്തിൽ. കനാൽ വെള്ളമെത്താത്തതിനാൽ കാർഷികവിളകൾ കരിഞ്ഞുണങ്ങാൻ തുടങ്ങി. കിണറുകളിലെ ജലവിതാനം താഴ്ന്നതോടെ പ്രതിഷേധവുമായി കർഷകരും നാട്ടുകാരും രംഗത്തെത്തി.
കനാൽ തുറന്നുവിടണമെന്നാവശ്യപ്പെട്ട് കാരോട് പാടശേഖര കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ ജലസേചനവകുപ്പ് ഓഫീസ് ഉപരോധിച്ചു. പാറശ്ശാല സെക്‌ഷനു കീഴിലെ കൊല്ലങ്കോട് പൊഴിയൂർ കനാലിലാണ് കനാൽ തുറന്നുവിട്ടിട്ടും കനാലിന്റെ പകുതി ദൂരംപോലും വെള്ളമെത്താത്തത്. പാറശ്ശാല മുതൽ പൊഴിയൂർ പഴവഞ്ചോലവരെ നീളുന്ന കൊല്ലങ്കോട് കനാലിൽ രണ്ടു ദിവസം മുൻപ് വെള്ളമെത്തിയത് കാരോട് പഞ്ചായത്തിലെ അമ്പിലിക്കോണം വരെയുള്ള പ്രദേശത്തു മാത്രമാണ്.
കാരോട് പഞ്ചായത്തിലെ അമ്പിലിക്കോണംവരെ വെള്ളമെത്തിയെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കനാലിൽനിന്നു കുളങ്ങളിലേക്കും കാനകളിലേക്കും വെള്ളമൊഴുകുന്ന തരത്തിലെത്തിയത് ചെങ്കവിള മേഖല വരെയാണ്.
കനാൽ വഴി ഒഴുകിയെത്തുന്ന വെള്ളം തോടുകൾ വഴി കുളങ്ങളിലും കൃഷിയിടങ്ങളിലുമെത്തിച്ച് സംഭരിച്ചാണ് കർഷകർ വേനൽക്കാലത്ത് കൃഷിചെയ്യുന്നത്. ആവശ്യത്തിനു കനാൽജലം ലഭിക്കാതായതോടെ കർഷകർ പ്രതിസന്ധിയിലാണ്. പലയിടത്തും വെള്ളം ലഭിക്കാത്തതിനാൽ മൂപ്പെത്തുന്നതിനു മുൻപുതന്നെ വാഴകൾ ഒടിഞ്ഞു നശിച്ചു. കനാൽജലമെത്തുന്നതോടെ വറ്റിവരണ്ട കിണറുകൾ വീണ്ടും വെള്ളം നിറയുന്നതു മൂലം പ്രദേശത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. എന്നാലിപ്പോൾ കനാൽജലം തടസ്സപ്പെട്ടതോടെ കാരോട് പഞ്ചായത്തിലെ കിണറുകൾ പലതും വറ്റിവരണ്ടിരിക്കുകയാണ്.
തടസ്സമായി കൈയേറ്റങ്ങളും ഇടിഞ്ഞുവീണ മണ്ണും
വൻതോതിലുള്ള കൈയേറ്റങ്ങളും കനാലിലേക്ക് ഇടിഞ്ഞുവീണ മണ്ണ് മാറ്റാത്തതുമാണ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത്.
കൊല്ലങ്കോട് കനാലിൽ കാരോട് ഭാഗത്തേക്കു കഴിഞ്ഞ രണ്ടുമാസക്കാലമായി കനാൽ വെള്ളമെത്താറില്ലെന്നാണ് കർഷകർ പരാതിപ്പെടുന്നത്. വന്യക്കോടിനും ചെറുവാരക്കോണത്തിനും ഇടയിൽ കാവുങ്കുളത്തിനു സമീപം രണ്ടുവർഷം മുൻപ് മഴക്കാലത്ത് കനാൽ ബണ്ട് ഇടിഞ്ഞുവീണ മണ്ണ് ഇതുവരെയും മാറ്റിയിട്ടില്ല.
ഇതാണ് കൊല്ലങ്കോട് കനാലിൽ വെള്ളം ഒഴുകുന്നതിനു തടസ്സങ്ങൾ സൃഷ്ടിക്കുന്നത്. പൊഴിയൂർ മേഖലയിൽ പഴവഞ്ചോല പ്രദേശത്ത് ഭൂമാഫിയ വൻതോതിൽ മണ്ണെത്തിച്ച് കനാൽ നികത്തിയിട്ട് രണ്ടുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ചെങ്കൽ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കനാൽ നികത്തിയ സ്ഥലത്ത് നടപ്പാത നിർമിച്ചിട്ടും ജലസേചന വകുപ്പ് അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
ഓഫീസ് ഉപരോധിച്ച് കർഷകർ
: കാരോട് പാടശേഖര കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ജലസേചനവകുപ്പിന്റെ ഓഫീസ് കർഷകർ ഉപരോധിച്ചു. കർഷകസംഘത്തിന്റെയും കാരോട് പാടശേഖര കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള ഉപരോധം കർഷകസംഘം ഏരിയാ സെക്രട്ടറി മുരളീധരൻ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ, കാരോട് സതി തുടങ്ങിയവർ പങ്കെടുത്തു.
ഓഫീസിലേക്ക് ഉദ്യോഗസ്ഥർക്കു കടക്കാൻ കഴിയാത്ത തരത്തിലായിരുന്നു ഉപരോധം. തുടർന്ന് നെയ്യാറ്റിൻകരയിൽനിന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറെത്തി രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും വെള്ളം ലഭ്യമാക്കാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്ന് സമരം പിൻവലിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..