• ചെങ്കൽ കീഴമ്മാകം പാടശേഖരത്തിൽ കൊയ്ത്ത് യന്ത്രമെത്തിച്ച് നെല്ല് കൊയ്യുന്നു
പാറശ്ശാല : ജില്ലയിലെ വലിയ പാടശേഖരമായ ചെങ്കൽ പഞ്ചായത്തിലെ കീഴമ്മാകം പാടശേഖരത്തിൽ ആദ്യമായി കൊയ്ത്ത് യന്ത്രമിറക്കി നെല്ല് കൊയ്തു.
പരീക്ഷണം വിജയിച്ചതോടെ കൂടുതൽ പാടശേഖരങ്ങളിലേക്ക് കൊയ്ത്ത് യന്ത്രമെത്തിക്കുവാനുള്ള ശ്രമത്തിലാണ് ചെങ്കൽ കൃഷിഭവനും പാടശേഖര സമിതികളും. നെല്ല് കൊയ്യുന്നതിനായി ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും കൂടിയ കൂലിയുമാണ് കൊയ്ത്തുകാലത്ത് കർഷകർ നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി. ഇതിനു പരിഹാരമായാണ് കൃഷിവകുപ്പും പാടശേഖരസമിതിയും ചേർന്ന് കൊയ്ത്ത് യന്ത്രമെത്തിച്ച് കൊയ്ത്ത് നടത്താൻ തീരുമാനിച്ചത്. കൊല്ലയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കൊയ്ത്ത് യന്ത്രമെത്തിക്കുകയായിരുന്നു.
56 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കീഴമ്മാകം പാടശേഖരത്തിൽ 84 കർഷകരാണ് നെൽക്കൃഷി ചെയ്യുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് കൊയ്യുന്നതിന്റെ മൂന്നിലൊന്ന് ചെലവ് മാത്രമാണ് യന്ത്രമുപയോഗിച്ചുള്ള കൊയ്ത്തിന് ചെലവായത്.
മുൻകാലങ്ങളിൽ കൊയ്ത്തിനായി 24,000 രൂപ വരെ ചെലവഴിച്ചിരുന്ന കർഷകർക്കിപ്പോൾ 7,000 രൂപ മാത്രമാണ് കൊയ്ത്തിനായി ചെലവായത്. മറ്റു പാടശേഖരങ്ങളിലേക്കും കൊയ്ത്ത് യന്ത്രമെത്തിക്കുവാനുള്ള ശ്രമം നടത്തുകയാണെന്ന് ചെങ്കൽ കൃഷി ഓഫീസർ എ.ഒ.ആൻസി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..