പാറശ്ശാല : കനാൽജലം ലഭിക്കാത്തതിനാൽ ചെങ്കൽ പഞ്ചായത്തിലെ രണ്ടു ഏലാകളിലെ കർഷകർ വേനൽക്കാല പച്ചക്കറിക്കൃഷി നിർത്തുന്നു. ചെങ്കൽ പഞ്ചായത്തിലെ മുത്താറ്റുകുളം, മാത്രയ്ക്കൽ ഏലായിലെ കർഷകരാണ് കൃഷി ഉപേക്ഷിക്കാൻ തയ്യാറാകുന്നത്.
നെയ്യാർ ഇടതുകര കനാലിന്റെ ഭാഗമായ ചെങ്കൽ മേജർ കനാലിന്റെ ചാവല്ലൂർപൊറ്റ വഴി കടന്നുപോകുന്ന കൈക്കനാലാണ് വൻതോതിൽ നികത്തിയത്.
ചാവല്ലൂർപൊറ്റ പുതുക്കുളത്തിനു മുകൾഭാഗത്തുകൂടി പോകുന്ന കൈക്കനാൽ മണ്ണുമാഫിയകളാണ് നികത്തിയത്. കനാലിന്റെ മറുഭാഗത്തെ കുന്നുകളിടിച്ച് മണ്ണെടുക്കാനെത്തിയ മണ്ണുമാഫിയകൾ കനാലിൽ മണ്ണ് നിക്ഷേപിച്ച് റോഡ് നിർമിച്ചാണ് ഭൂമിയിലേക്കുള്ള വഴിയൊരുക്കിയത്. കുന്നിടിച്ചുനിരത്തിയ ശേഷം മണ്ണ് കനാലിൽ ഉപേക്ഷിച്ച് നിരപ്പാക്കി ഭൂമിയിലേക്കുള്ള വഴിയായി കാണിച്ച് ഭൂമി ഇടിച്ചുനിരത്തുകയാണ് സംഘം ചെയ്യുന്നത്.
2015-ൽ സമാനമായ രീതിയിൽ ഈ ഭാഗത്ത് കനാൽ നികത്തിയെങ്കിലും വാർഡംഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കർഷകർ പണം പിരിച്ച് ഇത്തരം കൈയേറ്റങ്ങൾ മാറ്റി ഏലാകളിലേക്കു വെള്ളമെത്തിച്ചിരുന്നു. എന്നാൽ, വീണ്ടും മണ്ണ് മാഫിയാസംഘങ്ങൾ ഘട്ടം ഘട്ടമായി കനാലിലേക്കു മണ്ണ് നിക്ഷേപിച്ച് കനാൽവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയായിരുന്നു. വേനൽക്കാലത്ത് കനാൽജലത്തെ ആശ്രയിച്ച് കൃഷിചെയ്യുന്ന മാത്രയ്ക്കൽ ഏലായിലും മുത്താറ്റുകുളം ഏലായിലും വലിയതോതിലുള്ള ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
കനാൽവഴി എത്തുന്ന ജലം ചാവല്ലൂർ കുളത്തിൽ ശേഖരിക്കുകയും തുടർന്ന് സമീപത്തെ ചാവല്ലൂർ തോട് വഴി ആറയ്യൂർ വണ്ടിച്ചിറ തോട്ടിലേക്കുമായിരുന്നു ഒഴുകിയിരുന്നത്. ഈ ജലത്തെ ആശ്രയിച്ചാണ് മുത്താറ്റുകുളം ഏലായിൽ വേനൽക്കാല കൃഷിചെയ്തിരുന്നത്. സമാനമായി കനാൽജലം തോടു വഴി ഊറ്റുകുളത്തിൽ ശേഖരിച്ചുമാണ് മാത്രയ്ക്കൽ ഏലായിലും കൃഷിചെയ്തിരുന്നത്.
എന്നാൽ രണ്ടുവർഷമായി ഈ പ്രദേശങ്ങളിലേക്കു കനാൽജലമെത്താറില്ല. കനാൽ ജലലഭ്യത കുറഞ്ഞതോടെ ഏലായിൽ വാഴകൾ വാടി ഒടിഞ്ഞുവീഴുന്നത് പതിവാണ്. പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഒരു വർഷം മുൻപ് കനാലിലെ തടസ്സങ്ങൾ മാറ്റി കനാൽ വഴി വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെങ്കൽ ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസ്സാക്കിയിരുന്നു. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയറെ കണ്ട് കത്ത് നൽകുകയും ചെയ്തു. എന്നാലിതുവരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലായെന്ന് ആക്ഷേപം ശക്തമാകുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..