ഭൂമി വിവാദം : സുജിന് ജാഗ്രതക്കുറവുണ്ടായി;-നഗരസഭാ ചെയർമാൻ


1 min read
Read later
Print
Share

സത്യപ്രതിജ്ഞാലംഘനമിെല്ലന്ന് രാജ്മോഹൻ

നെയ്യാറ്റിൻകര : രണ്ടുമാസക്കാലമായി പ്രതിപക്ഷ സമരങ്ങൾക്കിടയാക്കിയ ഭൂമി വിവാദത്തിൽ വിശദീകരണവുമായി നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ രംഗത്തെത്തി.

ഭൂമി വിവാദത്തിൽ സി.പി.എം. കൗൺസിലർ സുജിന് പൊതുപ്രവർത്തകനെന്ന നിലയിൽ ജാഗ്രതക്കുറവുണ്ടായെന്നും എന്നാൽ, അദ്ദേഹം സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ലെന്നും പത്രസമ്മേളനത്തിൽ ചെയർമാൻ പി.കെ.രാജമോഹനൻ പറഞ്ഞു.

ഈ വിഷയത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയ നോട്ടീസ് ബി.ജെ.പി.യുടെ സഹായത്തോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. തവരവിള വാർഡ് കൗൺസിലറായ സുജിൻ വയോധികയുടെ ഭൂമിയും സ്വർണവും കൈവശപ്പെടുത്തിയതിനാണ് പ്രതിപക്ഷം സമരം ആരംഭിച്ചത്.

സി.പി.എം. അംഗമായ സുജിനെ പാർട്ടി ഒരു വർഷത്തേക്ക്‌ സസ്‌പെൻഡ് ചെയ്തു. മാത്രമല്ല, ഈ സംഭവത്തിൽ മാരായമുട്ടം പോലീസ് സുജിനെതിരേ കേസ് എടുക്കുകയും അന്വേഷണം നടന്നുവരികയുമാണ്. സുജിൻ കോടതിയുടെ മുൻകൂർ ജാമ്യത്തിലുമാണ്. കോടതി സുജിൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയാലേ നഗരസഭയ്ക്കു നടപടിയെടുക്കാൻ കഴിയൂ.

നഗരസഭയുടെ ചട്ടവും അധികാരവും ഉപയോഗിച്ച് നഗരസഭയ്ക്ക് യാതൊരു നഷ്ടവും സംഭവിക്കാത്ത ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിക്കാനാവില്ല. മാത്രമല്ല, സുജിൻ സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ല. എന്നാൽ, ഈ വിഷയത്തിൽ കോൺഗ്രസ് ചെയർമാനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് ബി.ജെ.പി.യുടെ സഹായത്തോടെയാണെന്ന് പി.കെ.രാജമോഹനൻ ആരോപിച്ചു.

കഴിഞ്ഞ രണ്ടുവർഷമായി അഴിമതിരഹിത ഭരണം നടത്തിയ ഇടതുപക്ഷ ഭരണസമിതിയെ അട്ടിമറിക്കാനായി കോൺഗ്രസും ബി.ജെ.പി.യും കൈകോർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത് നഗരസഭയുടെ വികസനത്തെ അട്ടിമറിക്കാനാണെന്നും പി.കെ.രാജമോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

എൽ.ഡി.എഫിലെ കക്ഷിനേതാക്കളായ കെ.കെ.ഷിബു, എൻ.കെ.അനിതകുമാരി, പ്രിയാസുരേഷ് എന്നിവരും പങ്കെടുത്തു.

ബജറ്റ് 25-ന്; അവിശ്വാസ ചർച്ച 29-ന്

നഗരസഭയുടെ 2023-24 സാമ്പത്തികവർഷത്തേക്കുള്ള ബജറ്റ് 25-ന് കൗൺസിലിൽ വൈസ് ചെയർപേഴ്‌സൺ പ്രിയാ സുരേഷ് അവതരിപ്പിക്കും.

തുടർന്ന് 27-ന് ബജറ്റിൻമേലുള്ള ചർച്ച നടക്കും. 29-നാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ജെ.ജോസ് ഫ്രാങ്ക്ളിൻ അവതരിപ്പിക്കുന്ന ചെയർമാനെതിരേയുള്ള അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്നത്.

44 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 18-ഉം, യു.ഡി.എഫിന് 17-ഉം, ബി.ജെ.പി.ക്ക്‌ ഒൻപതും അംഗങ്ങളാണ് ഉള്ളത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..