കുടിവെള്ളം കിട്ടാനില്ല : തൊണ്ടവരണ്ട് തീരവാസികൾ


1 min read
Read later
Print
Share

പെരുമാതുറയിൽ കുടിവെള്ളത്തിനായി തീരത്ത് കുഴികുത്തി വെള്ളമെടുക്കുന്ന വീട്ടമ്മമാർ

ചിറയിൻകീഴ് : ഗ്രാമപ്പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിലും കിഴുവിലം ഗ്രാമപ്പഞ്ചായത്തിന്റെ ഉയർന്ന മേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ചിറയിൻകീഴ് പഞ്ചായത്ത് പരിധിയിലെ പെരുമാതുറ, ഒറ്റപ്പന, കൊട്ടാരം തുരുത്ത് മേഖലകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്.

മാസങ്ങളായി തീരദേശ ഗ്രാമങ്ങളിലെ പൊതുടാപ്പുകളിൽ കുടിവെള്ളം എത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവിടങ്ങളിൽ ശുദ്ധജലത്തിനായി ജല അതോറിറ്റി ജലവിതരണക്കുഴൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനലായാൽ വെള്ളം കിട്ടാക്കനിയാണ്. ഒറ്റപ്പന വാർഡിൽ പാതയോരങ്ങളിൽ കുടിവെള്ളം ലഭിക്കുന്നുണ്ടെങ്കിലും ബീച്ച് ഭാഗത്ത് വെള്ളം എത്തുന്നില്ല.

ആവശ്യത്തിന് മർദം ഇല്ലാത്തതിനാലാണ് ബീച്ച് ഭാഗത്ത് വെള്ളമെത്താത്തതെന്നാണ് അധികൃതരുടെ ന്യായം. ഒറ്റപ്പന വാർഡിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്നത്. പഞ്ചായത്തിനും ജല അതോറിറ്റിക്കും നിരവധി പരാതികൾ നൽകിയിട്ടും കുടിവെള്ളക്ഷാമം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.

റംസാൻ നോമ്പ് തുടങ്ങിയതോടെ ദൂരസ്ഥലങ്ങളിൽപ്പോയി വെള്ളം കൊണ്ടുവരുന്നതിന് പ്രയാസം നേരിടുകയാണ്.

കുടിവെള്ളം മാത്രമല്ല ദൈനംദിന ആവശ്യങ്ങൾക്കുള്ള ജലത്തിനും തീരദേശത്ത് ദൗർലഭ്യമുണ്ട്. വേനൽ ഇനിയും കടുത്താൽ ഇവിടങ്ങളിലെ ജനജീവിതം നരകതുല്യമാകും. കിഴുവിലം പഞ്ചായത്തിലെ പാവൂർക്കോണം, കാട്ടുംപുറം, മാമംനട, നൈനാൻകോണം, മുടപുരം, തെന്നൂർക്കോണം, കുന്നുവാരം, കൂന്തള്ളൂർ വാർഡുകളിലെ ഉയർന്ന ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. അഞ്ചുതെങ്ങ്, ആറ്റിങ്ങൽ കുടിവെള്ള പദ്ധതികളിൽനിന്നാണ് ഈ മേഖലകളിൽ ശുദ്ധജലമെത്തുന്നത്.

അഞ്ചുതെങ്ങിൽ ജലക്ഷാമം രൂക്ഷമാകുമ്പോൾ ചിറയിൻകീഴിലേക്കുള്ള വിതരണത്തിന് പൂട്ടുവീഴും. മാത്രമല്ല തടയണകളിൽ വെള്ളമില്ലാത്തതിനാൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സംഭരണികളിലേക്ക് പമ്പിങ് നടത്തുന്നത്.

ആവശ്യമായ മർദം കിട്ടാത്തതിനാൽ ഉയർന്ന ഭാഗങ്ങളിലേക്ക് വെള്ളമെത്താറില്ല.

കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ പ്രതിഷേധ സമരങ്ങളിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തിലാണ് തീരവാസികൾ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..