വർക്കല പാപനാശത്ത് കത്തിനശിച്ച യോഗാ ഹാൾ
വർക്കല : പാപനാശം കുന്നിൽ പ്രവർത്തിക്കുന്ന യോഗാ സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ യോഗാ ഹാൾ കത്തിനശിച്ചു. ഹെലിപ്പാഡ് നോർത്ത് ക്ലിഫിൽ ഹിൽ വ്യൂ റിസോർട്ടിലെ യോഗ സെന്ററിലാണ് തിങ്കളാഴ്ച രാവിലെ 8.45-ഓടെ തീപ്പിടിത്തമുണ്ടായത്. വിദേശികൾ ഉൾപ്പെടെയുള്ളവർ യോഗ ചെയ്യുന്നതിനായി ഇവിടെയുണ്ടായിരുന്നു. തീ പടർന്നുപിടിക്കുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റെത്തിയാണ് തീ അണച്ചത്. യോഗാ ഹാളിനോടുചേർന്ന് മാലിന്യക്കൂമ്പാരമുണ്ടായിരുന്നു. അതിലേക്ക് തീ പടരാനുള്ള സാഹചര്യവും ഒഴിവാക്കി.
ഷീറ്റുമേഞ്ഞ യോഗാ ഹാളിനു താഴെയായി അലങ്കാരത്തുണികൾ കൊണ്ട് മോടിപിടിപ്പിച്ചിരുന്നു. ഹാളിനോടു ചേർന്നുള്ള മുറിയിലെ ഫാനിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായി പറയുന്നത്. ഫാനിന്റെ സ്വിച്ചിടവേ സ്പാർക്കുണ്ടാവുകയും അലങ്കാരത്തുണികളിലേക്ക് തീ പടരുകയുമായിരുന്നു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അഗ്നിരക്ഷാസേന കണക്കാക്കുന്നു.
പാപനാശത്ത് ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകാറുണ്ട്. ഇടുങ്ങിയ റോഡുകളായതിനാൽ നോർത്ത് ക്ലിഫ് മേഖലയിൽ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാറില്ല. തിങ്കളാഴ്ച തീപ്പിടിത്തമുണ്ടായ സ്ഥലത്തെത്താനും അഗ്നിരക്ഷാസേന ബുദ്ധിമുട്ടി. ഇതിനു പരിഹാരമായി ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നുള്ള നിർദേശം ഇതുവരെയും നടപ്പായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..