• വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറ്റുന്നു
വർക്കല : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി.
തിങ്കളാഴ്ച രാവിലെ 8.30-നും 9.30-നും മധ്യേ ക്ഷേത്രതന്ത്രി കിഴക്കേ ചെറുമുക്ക്മന കെ.സി.നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തിമാരായ എസ്.സത്യനാരായണൻപോറ്റി, നാരായണ ശബരായ, എം.ജെ.സത്യനാരായണൻപോറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്.
സ്‌പെഷ്യൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ഉത്സവത്തിനു തുടക്കമായത്. ക്ഷേത്രത്തിലെ നവീകരിച്ച ആനക്കൊട്ടിൽ, ഗോപുരങ്ങൾ എന്നിവയുടെ സമർപ്പണം പൂയം തിരുനാൾ ഗൗരിപാർവതിബായി നിർവഹിച്ചു.
ഉത്സവദിവസങ്ങളിലെല്ലാം ക്ഷേത്രച്ചടങ്ങുകൾക്കൊപ്പം ശ്രീഭൂതബലി, അന്നദാനം, കാഴ്ചശ്രീബലി, ലക്ഷദീപം, പുഷ്പാലങ്കാരം, സോപാനസംഗീതം, കലാപരിപാടികൾ എന്നിവയുണ്ടാകും. ആദ്യദിനം ക്ഷേത്രച്ചടങ്ങുകൾക്കു പുറമേ ഭക്തിസംഗീതിക, കഥകളി എന്നിവ അരങ്ങേറി.
രണ്ടാം ഉത്സവദിനമായ ചൊവ്വാഴ്ച വൈകീട്ട് നാലിന് ഓട്ടൻതുള്ളൽ, രാത്രി ഏഴിന് ഭക്തിഗാനസുധ, 9.30-ന് ഭക്തിഗാനമേള എന്നിവയുണ്ടാകും. ഏപ്രിൽ അഞ്ചിന് ആറാട്ടോടെ ഉത്സവം സമാപിക്കും.
കൊടിയേറ്റിനു സാക്ഷികളാകാനും ക്ഷേത്രദർശനത്തിനുമായി നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി. വി.ജോയി എം.എൽ.എ., വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, വർക്കല ഗ്രൂപ്പ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ശില്പാ ചന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ആശാ ബിന്ദു, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവരും കൊടിയേറ്റ് ചടങ്ങിൽ സംബന്ധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..