• വെള്ളനാട് മിനി സിവിൽസ്റ്റേഷൻ
ആദ്യഘട്ടത്തിൽ മൂന്ന് ഓഫീസുകൾ
വെള്ളനാട് : വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ പണി പൂർത്തിയാക്കി വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന മിനി സിവിൽസ്റ്റേഷൻ പ്രവർത്തനസജ്ജമാകുന്നു. ആദ്യഘട്ടത്തിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കേണ്ട സർക്കാർ ഓഫീസുകളെക്കുറിച്ച് വ്യക്തതയായി.
താഴത്തെനിലയിൽ സബ്ട്രഷറിയും ഒന്നാമത്തെ നിലയിൽ വെള്ളനാട് കൃഷിഭവനും ആര്യനാട് മണ്ണ് സംരക്ഷണ ഓഫീസും പ്രവർത്തിക്കും. ഈ ഓഫീസുകൾ പ്രവർത്തിക്കുന്നതിന് കളക്ടറുടെ അനുമതി ലഭിച്ചുകഴിഞ്ഞു.
നെടുമങ്ങാട് തഹസിൽദാരെ മിനി സിവിൽസ്റ്റേഷന്റെ എസ്റ്റേറ്റ് ഓഫീസറായും ചുമതലപ്പെടുത്തി കളക്ടർ ഉത്തരവിറക്കി. ഓഫീസുകളുടെ ആവശ്യത്തിനുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ തുടങ്ങിയവ അതത് ഓഫീസുകളുടെ പേരിൽത്തന്നെ എടുത്ത് ഓഫീസിന്റെ പ്രവർത്തനം ഉടനടി മിനി സിവിൽസ്റ്റേഷനിൽ ആരംഭിക്കുന്നതിനുള്ള നടപടി ഓഫീസ് മേധാവികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പൂർത്തിയായത്
രണ്ടുനിലകൾ
:വെള്ളനാട് വില്ലേജ് ഓഫീസിനു സമീപത്തെ 20 സെന്റിൽ ആണ് സിവിൽ സ്റ്റേഷൻ നിർമിച്ചത്. സിവിൽ സ്റ്റേഷനിൽ അഞ്ചുനിലകൾ നിർമിക്കാനാണ് അനുമതിയെങ്കിലും പ്രഥമഘട്ടത്തിൽ പൂർത്തിയാക്കിയത് രണ്ട് നിലകൾ ആണ്. ആദ്യഘട്ടത്തിലെ രണ്ടു നിലകളുടെ നിർമാണത്തിനായി 3.1 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, 2.35 കോടി രൂപയിൽ ജോലികൾ പൂർത്തിയായി.
25 ലക്ഷം രൂപ വിനിയോഗിച്ചാണ് സിവിൽ സ്റ്റേഷന്റെ പിൻവശത്തെ സംരക്ഷണഭിത്തിയും ചുറ്റുമതിലും നിർമിച്ചത്. ആദ്യനിലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും സിവിൽ സ്റ്റേഷൻ അടച്ചിട്ടിരുന്നത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
വിവിധ സംഘടനകൾ സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണകൾ ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് സിവിൽസ്റ്റേഷൻ ഉദ്ഘാടനംചെയ്തത്. ഇതിനിടെ ജോലികൾ പൂർത്തിയാക്കി മന്ദിരം കൈമാറിയതായി കാണിച്ച് ആര്യനാട് പൊതുമരാമത്ത്(കെട്ടിടവിഭാഗം) അധികൃതർ നെടുമങ്ങാട് തഹസിൽദാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, നെടുമങ്ങാട് തഹസിൽദാർ ഈ കത്ത് കളക്ടർക്ക് കൈമാറിയിട്ടും ഉത്തരവ് ലഭിക്കാൻ വൈകിയതിനെത്തുടർന്നാണ് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാൻ കാലതാമസം നേരിട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..