റാസി പുതുതായി നിർമിച്ച വീട്
പാങ്ങോട് : ചാലിയാർ പുഴ മരണത്തിന്റെ രൂപത്തിൽ കവർന്നെടുത്തത് ഇല്ലായ്മകളോടു പൊരുതി ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയ പോരാളിയെ.
നിലമ്പൂർ ചാലിയാർ പുഴയിൽ ഞായറാഴ്ച വൈകീട്ട് നീന്തുന്നതിനിടയിൽ മുങ്ങിമരിച്ച ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ പുലിപ്പാറ എസ്.എൻ. വില്ലയിൽ ജെ.റാസിയുടെ ആകസ്മിക വാർത്ത നാടും പ്രിയപ്പെട്ടവരും നടുക്കത്തോടെയാണ് കേട്ടത്.
ചെറുപ്രായത്തിലെ ജീവിതവൈഷമ്യങ്ങളോടും ദാരിദ്ര്യത്തോടും പൊരുതിയും പൊരുത്തപ്പെട്ടും വിദ്യാഭ്യാസം നടത്തിയിരുന്ന റാസിയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു സർക്കാർ ജോലി.
കഠിനമായ പരിശീലനത്തിൽ മുഴുകിയ റാസി ഏറെ ഇഷ്ടപ്പെട്ട പോലീസ് സേനയിൽത്തന്നെ ജോലി കരസ്ഥമാക്കി. ഇന്ത്യൻ റിസർവ് ബറ്റാലിയനിലായിരുന്നു നിയമനം.
തുടർന്ന് ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ കമാൻഡോ ആയി ജോലിനോക്കിവരുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് റാസി അടങ്ങുന്ന സംഘം എം.എസ്.പി. ക്യാമ്പിനു സമീപത്തെ പുഴയിൽ നീന്താൻ ഇറങ്ങിയത്. സ്ഥിരമായി എല്ലാദിവസവും കമാൻഡോ ടീം പുഴയിൽ നീന്താറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം റാസി, പുഴയുടെ മധ്യഭാഗത്ത് എത്തപ്പെടുകയും മുങ്ങിത്താഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ടീമംഗങ്ങൾ രക്ഷപ്പെടുത്തി പ്രത്യേക ചങ്ങാടത്തിൽ ഇക്കരയെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനകാലംമുതൽക്കുതന്നെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന റാസിയുടെ മറ്റൊരു ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്.
ഇതിന്റെ ഭാഗമായി പുലിപ്പാറ വായനശാലാ ജങ്‌ഷൻ പഴവിള റോഡിൽ വസ്തുവാങ്ങി വീട് നിർമിച്ചത് ഈ അടുത്തകാലത്താണ്.
തിങ്കളാഴ്ച മേൽനടപടികൾക്കുശേഷം ക്യാമ്പിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം രാത്രിയോടെ പുലിപ്പാറയിലെ വീട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ മംഗലപ്പള്ളി മുസ്‌ലിം ജമാഅത്തിൽ കബറടക്കും. ഭാര്യ നാസിയ എട്ടുമാസം ഗർഭിണിയാണ്.
ഏകമകൾ റിയാഫാത്തിമ. മകളായ റിയാഫാത്തിമയെ ആദ്യമായി സ്കൂളിൽ കൊണ്ടുപോകുന്നതിനുവേണ്ടി അടുത്ത ദിവസം നാട്ടിൽ വരാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..