വർക്കല: ചെറുന്നിയൂർ ഗവ. ഹൈസ്‌കൂളിൽ ശുചിമുറി ബ്ലോക്കിന്റെയും മറ്റും നിർമാണം നിലച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി. ജനറൽ സെക്രട്ടറി എം.ജോസഫ് പെരേര സ്‌കൂളിന് മുന്നിൽ ഉപവാസം നടത്തി. മുൻ എം.എൽ.എ. ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ശുചിമുറി സൗകര്യം ഉൾപ്പെടെ നിഷേധിച്ചിരിക്കുന്നത് കടുത്ത ബാലാവകാശ നിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളിൽ മൂന്ന് ക്ലാസ് മുറികൾ, രണ്ട് ശുചിമുറി ബ്ലോക്കുകൾ, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ, ഓഡിറ്റോറിയം എന്നിവ നിർമിക്കാൻ നബാർഡ് പദ്ധതി വഴി രണ്ടു കോടിയിലധികം രൂപ അനുവദിച്ചെങ്കിലും അഴിമതി കാരണം ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. അഴിമതി ആരോപണം ഉയർന്നതോടെ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. അധ്യയന വർഷം തുടങ്ങിയിട്ടും അടിസ്ഥാന സൗകര്യമൊരുക്കാനാകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് സമരത്തിലേക്ക് നീങ്ങിയതെന്ന് നേതാക്കൾ പറഞ്ഞു. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിച്ചു. സമാപന യോഗത്തിൽ അടൂർ പ്രകാശ് എം.പി. മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല അധ്യക്ഷയായി. ടി.എസ്.അനിൽകുമാർ, തൻസിൽ, കുമാരി, മനോജ് രാമൻ, അഖിൽ, ലത, ഇ.എൽ.താജുദീൻ, എം.എൻ.റോയ്, താന്നിമൂട് മനോജ്, പ്രഭാകരൻ നായർ, എഡ്മണ്ട് പെരേര എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..