• രോഗബാധിതരായ ഫദിയയ്ക്കും ഫാത്തിമയ്ക്കും ഒപ്പം അമ്മ ഷംല
തിരുവനന്തപുരം : 'എഴുന്നേറ്റു നടക്കണം, പഠിക്കണം' അതിലും വലിയ ആഗ്രഹമൊന്നും ഈ സഹോദരിമാർക്കില്ല. 21 വയസ്സുള്ള ഫാത്തിമാ ഫർഹാനയും 12 വയസ്സുകാരി ഫദിയ ഫൈസലും കിടക്കയിലാണ്. നെസിഡിയോബ്ലാസ്‌റ്റോസിസ് എന്ന അപൂർവ രോഗത്തിന്റെ പിടിയിലാണ് ഈ പെൺകുട്ടികൾ. ശരീരത്തിൽ ക്രമാതീതമായി പഞ്ചസാരയുടെ അളവ് കുറയുന്നതാണ് രോഗം.
തുടർച്ചയായ ആശുപത്രിവാസം പഠനം അനിശ്ചിതത്വത്തിലാക്കി. മക്കളുടെ കണ്ണുനീരിനും ദുരിതത്തിനും മുന്നിൽ അമ്മ ഷംല നിസ്സഹായയായി നിൽക്കുകയാണ്.
ആറ് വർഷം മുമ്പാണ് ഷംലയുടെ മൂത്ത മകളായ ഫാത്തിമയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് ചികിത്സയും മരുന്നുമായി വർഷങ്ങൾ. ചികിത്സയുടെ ഭാഗമായി ഫാത്തിമയുടെ പാൻക്രിയാസിന്റെ കുറച്ചു ഭാഗം മുറിച്ചു നീക്കി. ഇടയ്ക്കിടെ എല്ലുകൾ പൊട്ടാനും തുടങ്ങിയതോടെ പഠനം പത്താം ക്ലാസിൽ അവസാനിപ്പിച്ചു.
രണ്ട് വർഷങ്ങൾക്ക് മുമ്പാണ് പഠനം പുനരാരംഭിച്ചത്. ഫാത്തിമയ്ക്ക് ഓർമക്കുറവ് സംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്.
കഴിഞ്ഞ വർഷം ഇളയകുട്ടി ഫദിയയ്ക്കും അതേ രോഗം സ്ഥിരീകരിച്ചതോടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായി. ഏഴാം ക്ലാസിൽ പഠനത്തിനായി സ്‌കൂളിലേക്ക് പോകേണ്ട ഫദിയ ഇപ്പോൾ കൈയ്യും കാലും പൊട്ടി പൂർണമായും കിടക്കയിലാണ്.
ദിവസേന പത്ത് ഗുളികകളും 28 ദിവസം കൂടുമ്പോൾ ഒരു കുത്തിവെയ്പുമാണ് ഇപ്പോൾ നൽകുന്നത്. മരുന്നുകൾക്ക് മാത്രമായി മാസം ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരും. ഇളയ മകളുടെ പാൻക്രിയാസ് മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദേശം.
കേരളത്തിൽ ഇതുവരെ പാൻക്രിയാസ് മാറ്റിവെയ്ക്കൽ നടന്നിട്ടില്ല. വെല്ലൂർ മെഡിക്കൽ കോളേജിലോ അപ്പോളോ ആശുപത്രിയിലോ മാത്രമേ ശസ്ത്രക്രിയ നടത്താൻ കഴിയൂ. ഇരുപത്തഞ്ച് ലക്ഷത്തോളം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന ജനിതക രോഗത്തിന്റെ പട്ടികയിൽ നെസിഡിയോബ്ലാസ്‌റ്റോസിസ് എന്ന രോഗം ഇല്ലാത്തതിനാൽ ആ പ്രതീക്ഷയും അസ്തമിച്ചു. കൊല്ലം സ്വദേശിയായ ഷംലയ്ക്ക് സ്വന്തമായി വീടില്ല.
വാടകയ്ക്ക് വീട് എടുക്കാനുള്ള സാമ്പത്തികവും ഇല്ലാത്തതിനാൽ സുഹൃത്തിന്റെ കുടുംബത്തിനൊപ്പമാണ് തിരുവനന്തപുരത്ത് രോഗാവസ്ഥയിലുള്ള പെൺകുട്ടികളുമായി താമസം.
കുട്ടികളുടെ ജീവൻ രക്ഷിച്ച് ആരോഗ്യം വീണ്ടെടുക്കാൻ ഷംല സഹായം തേടുകയാണ്. സുമനസ്സുകൾക്ക് കുട്ടികളുടെ ചികിത്സയ്ക്ക് സഹായിക്കാം. ഫെഡറൽ ബാങ്കിന്റെ ശാസ്തമംഗലം ശാഖയിൽ ജെ.ഷംലയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് സഹായം നൽകാം. അക്കൗണ്ട് നമ്പർ- 21780100023243, ഐ.എഫ്.എസ്.സി.- FDRL0002178, ഗൂഗിൾ പേ- 9846982153.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..