തിരുവനന്തപുരം : തീരദേശമേഖലകളിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ തിരച്ചിലിൽ കാൽക്കിലോയിലേറെ മയക്കുമരുന്നുമായി സംസ്ഥാനത്തെ പ്രധാന മയക്കുമരുന്നു കച്ചവടക്കാരനടക്കം മൂന്നുപേർ പിടിയിൽ.
തിരുവനന്തപുരം ജില്ലയിൽ മയക്കുമരുന്ന് മൊത്തവിതരണം നടത്തുന്ന എറണാകുളം അങ്കമാലി സ്വദേശി ടോണിൻ ടോമി(32)യെ 250.94 ഗ്രാം എം.ഡി.എം.എ.യുമായാണ് പിടികൂടിയത്. മൂന്നുപേരിൽ നിന്നുമായി 259.75 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ അൻപതു ലക്ഷം രൂപയോളം വിലവരും. ജില്ലയിൽ എക്‌സൈസ് നടത്തിയ വലിയ എം.ഡി.എം.എ. വേട്ടയാണിത്.
കാറിൽ പുതിയതുറ ഭാഗത്തുകൂടി മയക്കുമരുന്നു കൊണ്ടുവരുമ്പോഴായിരുന്നു ടോണിൻ പിടിയിലായത്.
കാലടി സ്റ്റേഷനിലെ ഒരു കൊലപാതക കേസടക്കം ഒൻപതോളം ക്രിമിനൽ കേസിലെ പ്രതിയാണ് ടോണിൻ. കൊലപാതകം, മയക്കുമരുന്ന് കേസുകളാണ് പലതും. മട്ടാഞ്ചേരി പോലീസ് കണ്ടെത്തിയ 493 ഗ്രാം എം.ഡി.എം.എ. കേസിൽ ഇയാളുടെ സഹോദരൻ പിടിയിലായിരുന്നു. ഈ കേസിൽ പ്രതിയായതോടെ അങ്കമാലിയിൽനിന്ന് ഒളിവിൽപ്പോയി. തുടർന്ന് തിരുവനന്തപുരം ജില്ലയുടെ തീരദേശം കേന്ദ്രീകരിച്ച് എം.ഡി.എം.എ. കച്ചവടം തുടങ്ങുകയായിരുന്നു. പുതിയതുറ ഭാഗത്ത് എബിൻ എന്നയാളുടെ വീട്ടിൽ താമസിച്ചാണ് കച്ചവടം നടത്തിയിരുന്നത്. ഡൽഹിയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ടുണീഷ്യ അടക്കമുള്ള വിദേശരാജ്യങ്ങളിലും ഇയാൾക്കു ബന്ധമുണ്ട്. ഇതു വിശദമായി പരിശോധിച്ചുവരികയാണെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ.ഷിബു പറഞ്ഞു.
ടോണിൻ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിലെ എബിൻ യൂജിനെ(26) 5.58 ഗ്രാം എം.ഡി.എം.എ.യുമായി ആഴിമലയിൽനിന്ന് എക്‌സൈസ് പിടികൂടിയിരുന്നു. ഇയാൾ കച്ചവടത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു.
ചൊവ്വരയിൽനിന്ന് പുതിയതുറ സ്വദേശി സച്ചു എന്ന സജനെ(32)യാണ് 3.23 ഗ്രാം എം.ഡി.എം.എ.യുമായി ആദ്യം പിടികൂടിയത്. കാറിലായിരുന്ന ഇയാൾ എക്‌സൈസിന്റെ ബൈക്ക് ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് എക്‌സൈസ് സംഘം ഇയാളെ പിന്തുടർന്ന് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു.
സജന് മയക്കുമരുന്ന് നൽകിയിരുന്നത് എബിനാണ്. തുടർന്നാണ് എബിനിലേക്കെത്തിയത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ.ഷിബുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് ബാബു, നന്ദകുമാർ, പ്രബോധ്, അക്ഷയ് സുരേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ ഗീതകുമാരി, ഡ്രൈവർ അനിൽകുമാർ എന്നിവരാണുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..