• അയിരൂർ പോലീസ് സ്‌റ്റേഷൻ
വർക്കല : അസൗകര്യങ്ങൾ നിറഞ്ഞ കെട്ടിടത്തിൽ അംഗബലമില്ലാതെയാണ് അയിരൂർ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം. കേസന്വേഷണത്തിന് ആവശ്യമായ പോലീസുകാർ ഇവിടില്ല.
സ്റ്റേഷൻ പ്രവർത്തനം തുടങ്ങി 11 വർഷം തികയുമ്പോഴും ആദ്യകാലത്തെ അംഗബലം മാത്രമാണ് ഇപ്പോഴുമുള്ളത്.
അസൗകര്യങ്ങൾ നിറഞ്ഞ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പുതിയ മന്ദിരത്തിന് സ്ഥലം കണ്ടെത്തി തറക്കല്ലിട്ടെങ്കിലും എന്ന് പൂർത്തിയാകുമെന്ന് നിശ്ചയമില്ല.
2012 ജൂൺ 20 മുതലാണ് അയിരൂർ പോലീസ് സ്‌റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. ചെറിയ പഴയ കെട്ടിടത്തിൽ അഞ്ച് കുടുസ്സുമുറികളിലാണ് സ്റ്റേഷന്റെ പ്രവർത്തനം.
പോലീസ് സ്റ്റേഷന് പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളൊന്നും ഇവിടില്ല. എസ്.എച്ച്.ഒ., എസ്.ഐ. എന്നിവരുടെ മുറിയും ലോക്കപ്പും കഴിഞ്ഞ് ഇടനാഴിയിലിരുന്നാണ് പോലീസുകാർ ജോലിചെയ്യുന്നത്.
സ്‌റ്റേഷനിലെത്തുന്നവർക്ക് നിന്നുതിരിയാനിടമില്ല. പോലീസുകാർക്ക് വിശ്രമിക്കാനും സ്ഥലമില്ല. കെട്ടിടമാകെ ചോർന്നൊലിക്കുകയും ചെയ്യുന്നു.
നിലവിൽ ഇൻസ്പെക്ടറും എസ്.ഐ.യും ഉൾപ്പെടെ 23 പേരാണ് അയിരൂർ സ്റ്റേഷനിലുള്ളത്. സ്റ്റേഷൻ തുടങ്ങിയപ്പോൾ 16 പേരാണുണ്ടായിരുന്നത്.
11 വർഷമായിട്ടും ഏഴുപേരെ മാത്രമാണ് കൂടുതലായി ലഭിച്ചത്. ഇതിനിടെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ആയി എത്തുകയും ചെയ്തു. സൗകര്യങ്ങളും അംഗബലവും വർധിച്ചില്ല.
ഇലകമൺ, ഇടവ, ചെമ്മരുതി പഞ്ചായത്തുകളാണ് സ്റ്റേഷൻ പരിധിയിയിലുള്ളത്. 34 കോളനികൾ, കാപ്പിൽ ബീച്ച്, കായൽ, രണ്ട് കോളേജുകൾ എന്നിവ സ്റ്റേഷൻ പരിധിയിലുണ്ട്. ധാരാളം കേസുകൾ സ്‌റ്റേഷനിലെത്തുന്നു. അംഗബലമില്ലാത്തതിനാൽ കേസന്വേഷണത്തിന് പോലീസുദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടുന്നു. രണ്ട് ജീപ്പുകൾ ഉള്ളതിൽ ഒരെണ്ണം മിക്കവാറും കട്ടപ്പുറത്താകും. ഒരു ജീപ്പുപയോഗിച്ചാണ് സ്‌റ്റേഷൻ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇത്രയും സ്ഥലപരിധിയുള്ള സമീപത്തെ മറ്റ് സ്റ്റേഷനുകളിൽ അംഗബലം ഇവിടത്തേക്കാൾ ഇരട്ടിയോളമുണ്ട്.
അയിരൂർ സ്‌റ്റേഷനോടു മാത്രമാണ് അവഗണന തുടരുന്നത്. വില്ലിക്കടവിനു സമീപം 23 സെന്റ് റവന്യൂ ഭൂമി സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനായി കണ്ടെത്തി ഒരുമാസം മുമ്പ് തറക്കല്ലിട്ടിരുന്നു. കെട്ടിട നിർമാണം പൂർത്തിയാകുംവരെ അനുയോജ്യമായ മറ്റൊരു കെട്ടിടത്തിലേക്ക് സ്റ്റേഷൻ പ്രവർത്തനം മാറ്റണമെന്ന നിർദേശമുണ്ടായിട്ടും നടപ്പായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..