പ്രേം നസീറിൻറെ വീട്
ചിറയിൻകീഴ് : മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിലെ വീട് വിൽപ്പനയ്ക്കെന്ന് പ്രചാരണം. വീടും പറമ്പും നോക്കാനാളില്ലാത്തതിനാലാണ് ഓഹരിയായി ലഭിച്ച വീടും പുരയിടവും വിൽക്കാനായി ഇപ്പോഴത്തെ അവകാശികൾ ശ്രമിക്കുന്നതെന്നാണ് വിവരം. ചിറയിൻകീഴ് പുളിമൂട് ജങ്ഷനു സമീപം കോരാണി റോഡിൽ കാട്ടുമുറാക്കൽ പാലത്തിനു സമീപമാണ് പ്രേംനസീർ എന്ന് പേര് പതിപ്പിച്ചിട്ടുള്ള ഇരുനില വീട് നിലകൊള്ളുന്നത്. അറുപതോളം വർഷം പഴക്കമുണ്ടെങ്കിലും കോൺക്രീറ്റിനോ ചുമരുകൾക്കോ കേടുപാടുകളൊന്നുമില്ല.
പ്രേംനസീർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 31 വർഷമാകുന്നു. പ്രേംനസീറെന്ന അതുല്യ പ്രതിഭയുടെ ജന്മനാട്ടിലെ ഏക അടയാളമായിട്ടാണ് ഈ വീട് അവശേഷിക്കുന്നത്. പ്രേംനസീറിന്റെ മൂന്ന് മക്കളിൽ ഇളയമകളായ റീത്തയ്ക്കാണ് കുടുംബസ്വത്തായി ഈ വീട് ലഭിച്ചത്. അടുത്തകാലത്ത് ഈ വീട് റീത്ത തന്റെ മകൾക്ക് നൽകി. മകൾ ഇപ്പോൾ കുടുംബസമേതം അമേരിക്കയിൽ സ്ഥിരതാമസമാണ്.
പ്രേംനസീറിന്റെ വീട് കാണാൻ നിരവധിപേരാണ് വിവിധ സ്ഥലങ്ങളിൽനിന്നും ചിറയിൻകീഴിൽ എത്തുന്നത്. സിനിമാരംഗത്തുള്ളവരും വീട് കാണാൻ എത്താറുണ്ട്. ചിറയിൻകീഴിനെ ലോകപ്രസിദ്ധമാക്കിയ മഹാപ്രതിഭയുടെ വീട് സ്മാരകമാക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്. നസീറിന്റെ വീട് വിൽപ്പനയ്ക്കെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലും സജീവമായതോടെ വില്പനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തോ സർക്കാരോ ഈ വീട് വിലയ്ക്കു വാങ്ങി സ്മാരകമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..