തിരുവനന്തപുരം കോർപ്പറേഷനിലെ 5.6 കോടിയുടെ വായ്പ സബ്സിഡി തട്ടിപ്പ്: അന്വേഷണവും റിപ്പോർട്ടും പൂഴ്ത്തി


രണ്ട് സാമ്പത്തികവർഷം കൊണ്ട് 5.6 കോടിയുടെ തട്ടിപ്പ്

Thiruvananthapuram Corporation

തിരുവനന്തപുരം: കോർപ്പറേഷൻ വ്യാവസായ വകുപ്പുദ്യോഗസ്ഥർ വഴി നടപ്പാക്കിയ വനിതാ സ്വയംതൊഴിൽ വായ്പ സബ്‌സിഡി പദ്ധതിയിൽനിന്ന്‌ കോടികൾ തട്ടിയ കേസിൽ അന്വേഷണങ്ങളും റിപ്പോർട്ടുകളും പൂഴ്ത്തി. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം മുന്നോട്ടുനീങ്ങിയിട്ടില്ല.

കേസ് വിജിലൻസിനു കൈമാറാനുള്ള നിയമോപദേശം തേടിയിട്ടും മാസങ്ങളായി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ പ്രാഥമികാന്വേഷണം ആരംഭിച്ചെങ്കിലും കേസെടുക്കുന്നതും നിർത്തിവെച്ചു. വ്യാവസായ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും പൂഴ്ത്തി.

കോടികൾ നഷ്ടപ്പെട്ടിട്ടും പോലീസിനും മന്ത്രിക്കും പരാതി നൽകിയതല്ലാതെ തുടരന്വേഷണത്തിൽ കോർപ്പറേഷൻ ഭരണസമിതിയും ഇടപെട്ടില്ല. വ്യജ ജാതി സർട്ടിഫിക്കറ്റുകൾ വഴി സബ്‌സിഡി ആനുകൂല്യങ്ങൾ തട്ടുന്നുവെന്ന സംഭവം ആദ്യം പുറത്തുകൊണ്ടുവന്നത് ‘മാതൃഭൂമി’യാണ്. ഒരോ ഘട്ടത്തിലും അഴിമതിയുടെ വ്യാപ്തി വർധിക്കുന്നതിന്റെ വാർത്തകളും ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.

വിജിലൻസിനു കൈമാറുന്നില്ല

2019-20 കാലഘട്ടത്തിലെ പട്ടികജാതി വനിതകൾക്കുള്ള വായ്പ സബ്‌സിഡി തട്ടിപ്പ് ഓഡിറ്റ് വകുപ്പാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് മേയർക്ക് റിപ്പോർട്ട് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി ജനറൽ വിഭാഗം പദ്ധതിയിലും അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിലും തട്ടിപ്പ് കണ്ടെത്തി.

ഇതെല്ലാം വിരൽചൂണ്ടിയത് അശ്വതി അസോസിയേറ്റ്‌സ് എന്ന ഒരു സ്ഥാപനത്തിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടനിലക്കാരായ സിന്ധു, അജിത എന്നിവർ അറസ്റ്റിലായത്. തുടർന്ന് വില്ലേജ് എക്സ്‌റ്റൻഷൻ ഓഫീസറായ പ്രവീൺ രാജിനെ പ്രതിചേർത്തു. ഇയാൾക്ക് കോടതി മുൻകൂർ ജാമ്യം നൽകി. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷിക്കേണ്ട കേസായതിനാൽ മ്യൂസിയം പോലീസ് ഇതിനുള്ള ഉപദേശവും അനുമതിയും തേടി കാത്തിരിക്കുകയാണ്. ഭൂരിഭാഗം ഗുണഭോക്താക്കളും അറിയാതെയായിരുന്നു അവരുടെ പേരിൽ ആനുകൂല്യങ്ങൾ നേടിയത്.

കൗൺസിലറായ കരമന അജിത്ത് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്നെ അന്നത്തെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനു നേരിട്ടു പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനവരെ നടത്തി. പരാതിയിൽ കാര്യമുണ്ടെന്ന് കണ്ടെത്തിയെങ്കിലും വിജിലൻസ് തുടരന്വേഷണം നിർത്തിവെച്ചു. മുൻ വർഷങ്ങളിലെ വിവരങ്ങൾക്കൂടി പരിശോധിക്കണമെന്നും 2015-16 മുതൽ ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടുവർഷം കൊണ്ടു മാത്രം 5.6 കോടി തട്ടിച്ചതായാണ് ഓഡിറ്റ് വകുപ്പിന്റെയും സി.എ.ജി.യുടെയും കണക്ക്.

വ്യാവസായ വകുപ്പിന്റെ റിപ്പോർട്ടുമില്ല

മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാവസായ വകുപ്പ് വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ടും ഇതുവരെ പുറത്തുവിട്ടിട്ടില്ല. വ്യാവസായ വകുപ്പിൽനിന്നു നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ് പദ്ധതി നടപ്പാക്കുന്നതിൽ പൂർണ ചുമതല വഹിക്കുന്നത്. ഇതിൽ ഒരാൾക്കെതിരേ കേസെടുത്തിട്ടുപോലും വ്യാവസായ വകുപ്പ് അനങ്ങിയിട്ടില്ല. കോർപ്പറേഷൻ വാർഡ് കമ്മിറ്റികൾ അംഗീകരിച്ചാണ് ഗുണഭോക്തൃപട്ടിക എത്തിക്കേണ്ടതെന്നാണ് നിയമമെങ്കിലും ഇതൊന്നും മിക്കയിടത്തും പാലിച്ചിട്ടില്ല. പ്രവീൺ രാജിനെക്കൂടാതെ മറ്റൊരു വ്യാവസായ വകുപ്പ് ഉദ്യോഗസ്ഥൻ ഷെഫിന്റെ സമയത്തും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനൽ കേസടക്കം നിശ്ചലമായിക്കിടക്കുന്ന സംഭവത്തിൽ സി.എ.ജി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പിലെ പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ നിയന്ത്രണത്തിൽ പുതിയ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരോപണവിധേയരായ വ്യാവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..