നരേന്ദ്രമോദി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു, പ്രതീകാത്മക ചിത്രം | Photo: ANI, PTI
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തി വികസനരാഷ്ട്രീയം പറഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനം പിടിക്കാൻ ബി.ജെ.പി. വന്ദേഭാരത് എക്സ്‍പ്രസ് തലസ്ഥാനത്തുനിന്നു യാത്രതുടങ്ങുമ്പോൾ, അതിനെ രാഷ്ട്രീയക്കുതിപ്പിനുള്ള ഇന്ധനമാക്കി മാറ്റാനുള്ള നീക്കത്തിലാണ് പാർട്ടി.
വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ എത്തിച്ച് റോഡ് ഷോ ഉൾപ്പെടെ നടത്തി, ബി.ജെ.പി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിച്ഛായയും കേന്ദ്രത്തിന്റെ വികസനനയങ്ങളും എല്ലാത്തരം വോട്ടർമാരെയും പാർട്ടിയിലേക്ക് ആകർഷിക്കുമെന്ന നിഗമനത്തിലാണ് പാർട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി.യുടെ ഏറ്റവും വലിയ പ്രതീക്ഷകളിൽ എല്ലാക്കാലത്തും തിരുവനന്തപുരത്തിനാണ് ഒന്നാം സ്ഥാനം. പ്രധാനമന്ത്രിയുടെ സന്ദർശനം തലസ്ഥാനത്ത് വലിയ തരംഗമുണ്ടാക്കിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇതിന്റെ ചുവടുപിടിച്ച് തലസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങളെ ലോക്‌സഭയിലേക്കുള്ള പാലമാക്കാനുള്ള തന്ത്രങ്ങൾ മെനയും.
കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ കൂടുതൽ പദ്ധതികളെത്തിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. കേന്ദ്രം നടപ്പാക്കുന്ന വികസനപദ്ധതികൾക്ക് പാർട്ടി ഇപ്പോൾത്തന്നെ വലിയ പ്രചാരണം നൽകുന്നു.
കോർപ്പറേഷനിൽ തുടർച്ചയായി പ്രധാന പ്രതിപക്ഷകക്ഷിയാവുകയും നിയമസഭയിലേക്ക് ആദ്യത്തെ പ്രതിനിധിയെ ജയിപ്പിക്കുകയും ചെയ്ത ഇവിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പാർട്ടിക്ക് ഇനിയും ബാലികേറാമലയാണ്. ലോക്‌സഭയിലേക്ക് 2014-ൽ ഒ.രാജഗോപാൽ ജയപ്രതീക്ഷയുയർത്തിയെങ്കിലും അവസാന ലാപ്പിൽ കാലിടറി. 2014-നെയും കടത്തിവെട്ടിയ ഭൂരിപക്ഷത്തിലാണ് 2019-ൽ ശശി തരൂർ ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. 2024-ൽ പ്രതിസന്ധികൾ മറികടന്ന് ഇവിടെനിന്ന് പാർലമെന്റിലേക്കു ജയിച്ചുകയറാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപുതന്നെ ഇതിനായുള്ള നീക്കം പാർട്ടി തുടങ്ങിക്കഴിഞ്ഞു.
വന്ദേഭാരതിനു പുറമേ റെയിൽവേയിൽ മാത്രം ഏകദേശം ആയിരം കോടിയുടെ വികസനപദ്ധതികൾക്കാണ് ചൊവ്വാഴ്ച തുടക്കംകുറിച്ചത്. കഴക്കൂട്ടം-മുക്കോല ബൈപ്പാസ്, ദേശീയപാതാ വികസനം, വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡ് പദ്ധതി, സ്മാർട്ട് സിറ്റി പദ്ധതി തുടങ്ങിയവയൊക്കെ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളായി ബി.ജെ.പി. അവതരിപ്പിക്കുകയാണ്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നേമം, കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങൾ നഗരപരിധിയിലാണ്. കോവളം, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങൾ ഗ്രാമമേഖലയിലും. വമ്പൻ വികസനപദ്ധതികൾ രാഷ്ട്രീയത്തിനുപരി നഗരങ്ങളിലെ യുവവോട്ടർമാരെ സ്വാധീനിക്കുമെന്നും റോഡ്, റെയിൽ, അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ ഗ്രാമീണമേഖലയിൽ ഗുണംചെയ്യുമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു. രാഷ്ട്രീയ, സാമുദായിക സമവാക്യങ്ങൾക്കുപരി വികസനനയങ്ങൾക്കു പ്രാധാന്യം കൊടുക്കാനുള്ള നീക്കമാണ് ബി.ജെ.പി. ഇപ്പോൾ അവലംബിക്കുന്നത്.
Content Highlights: thiruvananthapuram loksabha seat bjp eyes after modi visit vande bharat inauguration


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..