വണ്ടന്നൂർ തേവരക്കോട് പ്രവർത്തിക്കുന്ന കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിന്റെ ടവറിൽ കയറി ആത്മഹത്യാഭീഷണി നടത്തുന്ന യുവാവ്
മാറനല്ലൂർ: ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിന്റെ ടവറിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മൂന്നുമണിക്കൂറിനുശേഷം മാറനല്ലൂർ എസ്.എച്ച്.ഒ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അനുനയിപ്പിച്ച് താഴെയിറക്കി. വണ്ടന്നൂർ തേവരക്കോട് പ്രവർത്തിക്കുന്ന കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിൽ ബുധനാഴ്ച രാവിലെ ഒൻപത് മണിയോടുകൂടിയാണ് സംഭവം.
ഈ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കിയിരുന്ന തൂങ്ങാംപാറ ചെട്ടിക്കോണം തോപ്പുവിള വീട്ടിൽ ലിജു (40) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ലിജുവിനെ ദിവസങ്ങൾക്ക് മുമ്പ് ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. ഈ സ്ഥാപനത്തിൽ ആളുകളെ നിയമിക്കുന്നത് സ്വകാര്യ ഏജൻസികളാണ്.
ഒന്നരമാസം മുമ്പ് നേമത്തുവെച്ച് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പുറകിലിടിച്ച് അപകടം വരുത്തിയിരുന്നു. ഈ വകയിൽ ഏജൻസിക്ക് ചെലവായ 35000 രൂപ ലിജോ നൽകണമെന്ന് അവർ നിർദേശിച്ചു. തുക നൽകാമെന്ന് ലിജോ എഴുതിനൽകുകയും ചെയ്തു. എന്നാൽ, തുക നൽകാത്ത കാരണത്താലും സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിനാലും കമ്പനിയുടെ നിർദേശത്തെത്തുടർന്ന് ലിജുവിനെ ഏജൻസി ജോലിയിൽനിന്നൊഴിവാക്കുകയായിരുന്നു. പോലീസുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലിനൽകാമെന്ന ധാരണയിലാണ് ലിജുവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. കാട്ടക്കടയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
Content Highlights: thiruvananthapuram suicide attempt concrete mixing unit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..