വിഴിഞ്ഞത്ത് ഇരുചേരികള്‍ തമ്മില്‍ ഏറ്റുമുട്ടി, ലോറികള്‍ തകര്‍ത്തു; പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍


2 min read
Read later
Print
Share

മണിക്കൂറുകളോളം സംഘർഷം: നിരവധിപ്പേർക്ക്‌ പരിക്ക്

Caption

വിഴിഞ്ഞം : തുറമുഖനിർമാണത്തിന് പാറയുമായെത്തിയ ലോറികൾ പദ്ധതി പ്രദേശത്തേക്കു കയറ്റിവിടാതെ തടഞ്ഞതിനെത്തുടർന്ന് വിഴിഞ്ഞത്ത് ഇരുവിഭാഗം ജനങ്ങൾ ഏറ്റുമുട്ടി. മണിക്കൂറുകൾനീണ്ട സംഘർഷത്തിൽ ഇരുചേരിയിലുമുള്ള 21 പേർക്ക് പരിക്കേറ്റു. പോലീസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി ചർച്ചകൾ നടത്തിയാണ് വൈകീട്ടോടെ സംഘർഷത്തിന് അയവുവരുത്തിയത്.

നിർമാണ പ്രവർത്തനത്തെ തടയരുതെന്ന് തുറമുഖ വിരുദ്ധ സമരക്കാരോടു കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. പണി തടസ്സപ്പെടുത്തില്ലെന്നും നിർമാണസാമഗ്രികൾ കൊണ്ടുപോകാൻ അനുവദിക്കുമെന്നും സമരസമിതിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് 25 ട്രക്കുകളിൽ കല്ലുകളുമായി അദാനി തുറമുഖ കമ്പനി ശനിയാഴ്ച രാവിലെ മുല്ലൂരിൽ പദ്ധതിപ്രദേശത്തേക്ക്‌ എത്തിയത്.

തുറമുഖ കവാടത്തിൽ ട്രക്കുകൾ എത്തിയതോടെ, തുറമുഖവിരുദ്ധ സമരപ്പന്തലിലുണ്ടായിരുന്ന സ്ത്രീകളുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളും വൈദികരും ട്രക്കുകളെ തടഞ്ഞു. ഇവർ റോഡിൽ കുത്തിയിരുന്ന് ഉപരോധസമരം നടത്തി.

സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ്, കോവളം ഫെറോനാ വികാരി ഫാ. ഫ്രെഡി സോളമൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാഹനങ്ങൾ തടഞ്ഞത്.

കോടതി വിധി നടപ്പാക്കേണ്ടതിനാൽ വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കരുതെന്ന ഡി.സി.പി. വി.അജിത്തിന്റെ നിർദേശം സമരക്കാർ അംഗീകരിച്ചില്ല. പോലീസ് ലോറികൾ കടത്തിവിടാൻ ശ്രമിച്ചതോടെ സമരക്കാർ പ്രതിഷേധം കടുപ്പിച്ചു.

ഈ സമയം വാഹനങ്ങൾ പദ്ധതിപ്രദേശത്തേക്കു കടത്തിവിടണമെന്ന ആവശ്യവുമായി തുറമുഖത്തിന് അനുകൂലമായി വാദിക്കുന്ന പ്രാദേശികക്കൂട്ടായ്മ പ്രവർത്തകർ സ്ഥലത്തെത്തി. ഇതോടെ സമരക്കാരും പ്രാദേശിക കൂട്ടായ്മ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.

പോലീസ് ഇടപെട്ട് സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി.

ഇതിലാണ് ചിലർക്ക് പരിക്കേറ്റത്. മണിക്കൂറുകളോളം ഇരുവിഭാഗം പ്രവർത്തകരും പ്രദേശത്ത് പിരിഞ്ഞുപോകാൻ തയ്യാറാകാതെ നിലയുറപ്പിച്ചു. തുടർന്ന് പ്രാദേശികക്കൂട്ടായ്മ പ്രവർത്തകരെ പോലീസ് സ്ഥലത്തുനിന്ന് നീക്കി. സംഘർഷത്തിനിടെ സമരക്കാരിൽ ചിലർ മൂന്ന് ലോറികളുടെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. ഇതിനുശേഷമാണ് സമരക്കാരുടെ ആവശ്യപ്രകാരം പോലീസ് ലോറികളെ സ്ഥലത്തുനിന്ന് നീക്കിയത്. ഇതോടെയാണ് സംഘർഷത്തിന് അയവുവന്നത്.

പിന്നീട് തുറമുഖവിരുദ്ധ സമരക്കാർ പ്രാദേശിക കൂട്ടായ്മ മുല്ലൂരിൽ സ്ഥാപിച്ചിരുന്ന സമരപ്പന്തലും തകർത്തു.

ഇവിടെ പോലീസെത്തി സമരക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് ആർ.ഡി.ഒ. ഡോ. അശ്വനി ശ്രീനിവാസ്, എ.ഡി.എം. അനിൽജോസ്, തഹസിൽദാർമാരായ ജെ.എൽ.അരുൺ, ശ്രീകല, ഫോർട്ട് എ.സി. എസ്.ഷാജി എന്നിവരും സ്ഥലത്തെത്തിയിരുന്നു.

പള്ളികളിൽ ഇന്ന് സർക്കുലർ

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ലത്തീൻ അതിരൂപത. ഇക്കാര്യമറിയിച്ച് അതിരൂപതയ്ക്കുകീഴിലെ പള്ളികളിൽ ഞായറാഴ്ച സർക്കുലർ വായിക്കും.

വരുംദിവസങ്ങളിലെ സമരത്തിന്റെ രീതിയും പള്ളികളിലൂടെ പ്രഖ്യാപിക്കും.

Content Highlights: vizhinjam project supporters and protesters clashed

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..