Caption
തൃശ്ശൂർ : എ.ടി.എം. കൗണ്ടറിനുള്ളിൽ പട്ടി കയറിക്കിടക്കുന്ന ചിത്രം ഒരു സമയത്ത് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. കാര്യം ഇപ്പോഴും ഇങ്ങനെയൊക്കെയാണ്. ഇവിടെ പട്ടി കയറിയാലും പശു കയറിയാലും കള്ളൻതന്നെ കയറിയാലും നോക്കാനാളില്ല. മുമ്പ് എല്ലാ എ.ടി.എമ്മുകൾക്കു മുന്നിലും കാവൽക്കാരുണ്ടായിരുന്നെങ്കിൽ ഇന്നിപ്പോൾ കാവൽക്കാരുള്ള എ.ടി.എം. കണ്ടെത്താൻ പാടുപെടും. കാവൽക്കാരില്ലെന്നത് സൗകര്യമാക്കിയാണ് കഴിഞ്ഞ ദിവസം പുതുക്കാട്ട് തട്ടിപ്പ് നടത്തിയതും. രണ്ടായിരത്തോളം എ.ടി.എമ്മുകളാണ് ജില്ലയിൽ മാത്രമുള്ളത്. 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ഓരോ എ.ടി.എമ്മിലുമുണ്ടാകും.
സെക്യൂരിറ്റി ജീവനക്കാരെ മാത്രമല്ല എ.ടി.എമ്മുകൾക്ക് നഷ്ടമായത്. പല എ.ടി.എമ്മുകളിലും നേരെ ചൊവ്വെ മുഖം കാണുന്ന ഒരു ക്യാമറ പോലുമില്ല. തൃശ്ശൂരിലുൾപ്പെടെ മുമ്പുനടന്ന തട്ടിപ്പുകളിൽ പലതിലും വ്യക്തതയില്ലാത്ത ചിത്രം അന്വേഷണത്തിന് തടസ്സമായിരുന്നു. പണം കൊണ്ടുവരുന്ന സമയത്തെ കാവലിലും കുറവ് വന്നിട്ടുണ്ട്. മുമ്പ് രണ്ടു ഗൺമാൻമാരുടെ അകമ്പടിയിലാണ് പണം കൊണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോൾ പേരിനൊരു ഗൺമാൻ പോലുമില്ലാതെയാണ് കരാറെടുത്ത ഏജൻസികൾ പണവുമായി എത്തുന്നത്. ഇതിനെല്ലാമുള്ള ന്യായീകരണം ചെലവുചുരുക്കലാണ്. ഇതിലൂടെയുണ്ടാകുന്ന സാമ്പത്തികനഷ്ടങ്ങളോ മാനസികപ്രയാസങ്ങളോ ശ്രദ്ധിക്കുന്നില്ല.
കാണാത്ത കണ്ണുകൾ
പുറത്തുള്ള കാവൽ മാത്രമല്ല, അകത്തെ കാവലും ദുർബലമാണ്. എ.ടി.എമ്മുകൾക്കുള്ളിലെ ക്യാമറകൾ പലതും കേടാണ്. ചിലത് പ്രവർത്തനരഹിതവും. എ.ടി.എം. കവർച്ചക്കേസുകൾ അന്വേഷിക്കുമ്പോൾ പോലീസ് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നമാണിത്. ഇരുട്ടിലും മുഖം തെളിമയോടെ പകർത്താൻ കഴിവുള്ള ഗുണമേന്മയുള്ള ക്യാമറകളല്ല പലയിടത്തുമുള്ളത്. എ.ടി.എം. കൗണ്ടറിനുള്ളിലെ വെളിച്ചസംവിധാനം തകരാറിലായിരിക്കുകയും ചെയ്യും.
ഇതോടെ കുറ്റവാളികളുടെ മുഖം വ്യക്തമായി ലഭിക്കാതെ അന്വേഷണോദ്യോഗസ്ഥർ ബുദ്ധിമുട്ടും. എ.ടി.എം. യന്ത്രത്തിലുള്ള ക്യാമറയ്ക്കു പുറമേ കൗണ്ടറിൽ മറ്റൊരു ക്യാമറകൂടി ഉണ്ടാകാറുണ്ട്. കൗണ്ടറിന്റെ പുറത്തും ക്യാമറ ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്.
തോക്കില്ലാതെ കോടികൾ
തോക്കിന്റെ കാവൽപോലുമില്ലാതെയാണ് കോടിക്കണക്കിനു രൂപയുമായി ജീവനക്കാർ എ.ടി.എം. കൗണ്ടറുകൾ കയറിയിറങ്ങുന്നത്. ആദ്യസമയത്ത് പണം നിറയ്ക്കാൻ പോകുന്ന വാഹനങ്ങളിൽ രണ്ട് ഗൺമാൻമാർ നിർബന്ധമായിരുന്നു. ഇതു പിന്നീട് ഒന്നായി ചുരുങ്ങി. ഇപ്പോൾ ഗൺമാൻമാർ ഇല്ലെങ്കിലും പ്രശ്‌നമില്ലെന്ന മട്ടായി. എ.ടി.എം. മെഷീനുകളിൽ പണം നിറയ്ക്കൽ ക്വട്ടേഷൻ എടുക്കുന്ന ഏജൻസികളുടെ ചെലവുചുരുക്കലിന്റെ ഭാഗമാണിത്.
ബാങ്കുകളെയും പറ്റിച്ചാണ് ഇവർ ഇതു നടത്തുന്നത്. ബാങ്കുകളിൽനിന്ന് പണമെടുക്കാൻ പോകുമ്പോൾ രണ്ടു ഗൺമാൻമാർ വാഹനത്തിലുണ്ടാകും. പക്ഷേ, റൂട്ടുകളിൽ പലപ്പോഴും ഇവരെ കാണില്ല. ഡ്രൈവറും കസ്റ്റോഡിയനും മാത്രമാണ് ഈ പണവണ്ടിയിൽ ഉണ്ടായിരിക്കുക. ജീവൻ പണയംവെച്ചാണ് ഉൾനാടുകളിലെ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ ഇവർ പോകുന്നത്. വാഹനങ്ങൾക്ക് തകരാർ സംഭവിച്ച് റോഡിൽ കിടന്നാലും ഈ പണത്തിന് സുരക്ഷയൊന്നുമില്ല.
വിജനം, കാവലില്ലാതെ
നഗരത്തിലെ മിക്ക എ.ടി.എം. പരിസരങ്ങളും രാത്രിയോടെ വിജനമാകും. കെട്ടിടത്തിന്റെ ഉള്ളിലാകുമെന്നതിനാൽ ശ്രദ്ധയും പെട്ടെന്ന് കിട്ടില്ല. നഗരത്തിലെ ചില എ.ടി.എമ്മുകളിലേക്ക് ഇടുങ്ങിയ വഴികളാണുള്ളത്. കാവലില്ലെങ്കിൽ പലതും നടുക്കുന്ന അന്തരീക്ഷം. ബ്രാഞ്ചുകളോടു ചേർന്ന എ.ടി.എമ്മുകൾക്ക് മാത്രമാണ് ഇപ്പോൾ കാവൽജീവനക്കാരുള്ളത്. പല ബാങ്കുകളും ബ്രാഞ്ചുകൾക്കുള്ള കാവൽസംവിധാനവും പിൻവലിക്കുകയാണ്.
എ.ടി.എമ്മുകൾക്കുള്ള കാവൽ ഘട്ടംഘട്ടമായാണ് അധികൃതർ പിൻവലിച്ചത്. ആദ്യം നഗരപ്രദേശത്തെ കാവൽ പിൻവലിച്ചു. പിന്നീട് ഉൾപ്രദേശങ്ങളിലെ കാവലും. ഹെൽമെറ്റ് ധരിച്ച് എ.ടി.എമ്മുകളിൽ കയറരുതെന്ന് മുമ്പ് കർശനനിർദേശമുണ്ടായിരുന്നു. കാവൽജീവനക്കാരുള്ള സമയത്ത് ഇതു കർശനമായി പാലിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ന് ഇതൊന്നും നോക്കാൻ ആരുമില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..