പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
തൃശ്ശൂര്‍: ഭക്ഷ്യവിഷബാധയെന്ന സംശയത്തെത്തുടർന്ന് 20 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സതേടി. അക്കിക്കാവ് പി.എസ്.എം. ദന്തൽ കോളേജിലെ വിദ്യാർഥികളാണ് ചികിത്സയ്ക്കെത്തിയത്. വ്യാഴാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് വിദ്യാർഥികൾ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു.
രാവിലെ അഞ്ച് വിദ്യാർഥിനികൾ ആദ്യം ചികിത്സക്കെത്തി. ഇവർക്ക് ഒ.പി.യിൽ മരുന്നു നൽകി വിടുകയായിരുന്നു. പിന്നീട് രണ്ട് ഘട്ടങ്ങളിലായി അഞ്ചും പത്തുംവീതം വിദ്യാർഥികളെത്തുകയായിരുന്നു. ചികിത്സ തേടിയവരിൽ രണ്ടുപേർക്ക് മാത്രമാണ് ഡ്രിപ്പ് നൽകിയത്. ബാക്കിയുള്ളവർക്കെല്ലാം ഒ.പി.യിൽ മരുന്ന് നൽകി പറഞ്ഞയയ്ക്കുകയായിരുന്നു. വൈകീട്ടോടെ എല്ലാവരും ആശുപത്രി വിട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കോളേജ് മെസിൽ പരിശോധന നടത്തി. മാനദണ്ഡങ്ങൾ പാലിക്കാതെ മെസ് നടത്തിയതിന് പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി. മെസിൽ ഉപയോഗിക്കുന്ന മത്സ്യം, മാംസം, ഭക്ഷ്യ എണ്ണയുടെ ആവർത്തിച്ചുള്ള ഉപയോഗം എന്നിവയാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ പി.വി. ആസാദ്, ഉദ്യോഗസ്ഥരായ ഇ. രൂപേഷ്, സി.വി. യേശുദാസ്, കെ. ഷാജി, പി.കെ. സിംന എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തും. എണ്ണ, വെള്ളം തുടങ്ങിയവയുടെ സാമ്പിളുകളും ശേഖരിച്ചു.
കുറച്ചു ദിവസമായി ഭക്ഷണത്തിൽ മാറ്റം വരുത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതു നടപ്പാക്കാത്തതിനാൽ ഭക്ഷ്യവിഷബാധ ഉണ്ടെന്നു പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയതാകാമെന്നുമാണ് കോളേജ് മാനേജ്മെന്റ് പറയുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം കോളേജ് ഹോസ്റ്റലിൽ എത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..