കിടപ്പുമുറിയിൽ വിഷവാതകം നിറച്ചു: ഭർത്താവും ഭാര്യയും രണ്ട്‌ മക്കളും മരിച്ചനിലയിൽ


Caption

കൊടുങ്ങല്ലൂർ : ലോകമലേശ്വരം ഉഴുവത്തുകടവിൽ കിടപ്പുമുറിക്കുള്ളിൽ വിഷവാതകം ശ്വസിച്ച് ഭർത്താവിനെയും ഭാര്യയെയും രണ്ട്‌ മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. കാടാംപറമ്പത്ത് ഉബൈദിന്റെ മകൻ ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്‌നുന്നിസ (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുകൾനിലയിലുള്ള കിടപ്പുമുറിയിൽ താഴെ വിരിച്ച കിടക്കയിൽ നാലുപേരും മരിച്ചനിലയിലായിരുന്നു.

പാത്രത്തിൽ രാസവസ്തുക്കൾ കലർത്തി കത്തിച്ചുണ്ടാക്കിയ വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നാണ് നിഗമനം. ഇതിനുപയോഗിച്ചതെന്ന് കരുതുന്ന പാത്രവും രാസവസ്തുക്കളുടെ അവശിഷ്ടവും ആത്മഹത്യക്കുറിപ്പും മുറിയിൽനിന്ന് കണ്ടെടുത്തു. വലിയ സാമ്പത്തികബാധ്യത മൂലമാണ് മരിക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മുറിയിലെ പാത്രം എടുക്കുമ്പോൾ സൂക്ഷിക്കണമെന്നും അതിൽ വിഷദ്രാവകമുണ്ടെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുമുണ്ട്.ഞായറാഴ്‌ച രാവിലെ 11 മണിയായിട്ടും ഇവർ പുറത്തിറങ്ങാതായതോടെയാണ് ശ്രദ്ധിച്ചത്. താഴത്തെനിലയിൽ പ്രായമുള്ള ഉമ്മ ഫാത്തിമയും സഹായിക്കാനെത്തിയിരുന്ന ആഷിഫിന്റെ സഹോദരിയുമാണുണ്ടായിരുന്നത്.

ഇവർ അയൽവാസികളെ കൂട്ടിവന്ന് വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് പറവൂർ പട്ടണംകവലയിലുള്ള സഹോദരൻ അനസിനെ വിവരം അറിയിച്ചു. ഇദ്ദേഹമെത്തി വാതിൽ പൊളിച്ചാണ് ഉള്ളിൽ കടന്നത്. മുറിയുടെ ജനലുകളും വാതിലുകളും വായു പുറത്തുപോകാത്തവിധം കടലാസ് ഒട്ടിച്ചുവെച്ചിരുന്നു.

ഓൺലൈനിലൂടെയാണ് രാസവസ്തുക്കൾ വരുത്തിയതെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ആഷിഫ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കംചെയ്തിട്ടുണ്ട്.

അമേരിക്കൻ കമ്പനിയിൽ സോഫ്റ്റ്‌വേർ എൻജിനീയറാണ് ആഷിഫ്. നിലവിൽ വീട്ടിലിരുന്നാണ് ജോലിചെയ്തിരുന്നത്. എറണാകുളം കാക്കനാട് സ്വദേശിയാണ് അബീറ.

റൂറൽ എസ്.പി. ഐശ്വര്യ ഡോങ്‌രേ, ഡിവൈ.എസ്‌.പി. സലീഷ് എൻ. ശങ്കരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ബിജു, കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബ്രിജുകുമാർ തുടങ്ങിയവർ സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു. പരിശോധനയ്ക്കായി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാർബൺ മോണോക്സൈഡ്

നിശ്ശബ്ദകൊലയാളി എന്നു പേരുള്ള വിഷവാതകം. കാർബണും ഒാക്സിജനും േചർന്നുണ്ടാകുന്ന ഈ വാതകത്തിന് നിറമോ മണമോ ഇല്ല. തൂക്കവും കുറവാണ്. ഒാക്സിജന്റെ കുറവുമൂലം ജ്വലനം പൂർണമാകാത്തപ്പോഴാണ് ഇത് സാധാരണയായി ഉണ്ടാകുക.

വാതകം രക്തത്തിൽ കലർന്നാൽ കാർബോക്സി ഹീമോഗ്ലോബിനുണ്ടാകും. ഇത് രക്തത്തിലെ ഒാക്സിജന്റെ അളവിനെ ദോഷകരമാംവിധത്തിൽ നിയന്ത്രിക്കും. അളവിൽ കൂടുതൽ വാതകം ശ്വസിച്ചാലാണ് മരണം സംഭവിക്കുക.വായുസഞ്ചാരമില്ലാത്ത മുറികളിൽ ഇവ ശ്വസിച്ചാൽ മാരകമാകും.

Content Highlights: husband wife and children die due to posinous gas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..