‘മേയറായിരുന്നതിനേക്കാൾ ചുറുചുറുക്കായി’


രാമവർമപുരം ഗവ. വൃദ്ധസദനത്തിലെത്തിയ മന്ത്രി ആർ. ബിന്ദു അന്തേവാസികൾക്ക് ഭക്ഷണം വിളമ്പുന്നു

തൃശ്ശൂർ : ‘പണ്ട് തൃശ്ശൂര് മേയറായിരുന്നതിനേക്കാൾ ചുറുചുറുക്കുണ്ട് ഇപ്പോ മന്ത്രിയായപ്പോ. ആ ചുറുചുറുക്കോടെ ഞങ്ങൾക്ക് ആശുപത്രിയിൽ പോകാൻ ആംബുലൻസും ജീവനക്കാരെയും അനുവദിക്കില്ലേ?’-രാമവർമപുരം ഗവ. വൃദ്ധസദനത്തിലെത്തിയ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവിനോടുള്ള അന്തേവാസി ജോസിന്റെ ചോദ്യം. നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ചെറുചിരിയോടെ ഉറപ്പും നൽകി. സാമൂഹികനീതി ദിനത്തിൽ അന്തേവാസികൾക്കൊപ്പം ചെലവഴിക്കാനെത്തിയതായിരുന്നു മന്ത്രി.

അമ്മമാർ പൂക്കൾ നൽകി മന്ത്രിയെ വരവേറ്റു. വൃദ്ധസദനം മുഴുവൻ ചുറ്റിക്കണ്ടു. 2019-ൽ വിവാഹിതരായ അന്തേവാസികളായ കൊച്ചനിയൻ മേനോനും പി.വി. ലക്ഷ്മി അമ്മാളും പ്രണയ ഓർമകൾ പങ്കുവെച്ചത് കൂടിനിന്നവരിൽ ചിരി പടർത്തി. വൃദ്ധസദനത്തിന് ചുറ്റും വെറുതെ കിടക്കുന്ന ഭൂമിയിൽ കൃഷിചെയ്യണമെന്ന ആഗ്രഹം അന്തേവാസി വത്സമ്മ പങ്കുവെച്ചു. സൗകര്യങ്ങൾ ഒരുക്കാൻ മന്ത്രി സൂപ്രണ്ടിന് നിർദേശം നൽകി.അമ്മമാരുടെ പാട്ടുകളും കഥകളും കേട്ട് അവർക്കൊപ്പം ഭക്ഷണം കഴിച്ചാണ് ആർ. ബിന്ദു മടങ്ങിയത്. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ പി.എച്ച്. അസ്ഗർ ഷാ, വൃദ്ധസദനം സൂപ്രണ്ട് കെ.ആർ. പ്രദീപൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാൻ എല്ലാ ജില്ലകളിലും വയോജന പാർക്കുകളും വയോജന ക്ലബ്ബുകളും സ്ഥാപിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് കൗൺസലിങ്ങിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹാരം കാണും.

Content Highlights: minister r bindhu visit old age home

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..