പുതുക്കാട് എ.ടി.എം. കവർച്ച: രണ്ടുപേർ പിടിയിൽ


2 min read
Read later
Print
Share

•  പുതുക്കാട് എ.ടി.എം. കവർച്ചക്കേസിലെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

പുതുക്കാട് : ദേശീയപാതയ്ക്ക് സമീപത്തെ എ.ടി.എം. കൗണ്ടറിൽനിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ഹരിയാന സ്വദേശികളായ തൗഫീഖ് (34), വാറിദ് ഖാൻ(21) എന്നിവരാണ് അറസ്റ്റിലായത്. കവർച്ചയിൽ പങ്കാളിയായ മുബാറക് എന്നയാളെ പോലീസ് അന്വേഷിച്ചുവരുന്നു.

ഓൺലൈൻ വ്യാപാര സ്ഥാപനത്തിന്റെ പാർസൽ വാഹനത്തിലെ ജീവനക്കാരാണ് പ്രതികൾ. ജോലിയുടെ മറവിലാണ് ഇവർ കവർച്ച നടത്തുന്നത്. പ്രതികളിൽനിന്ന് പണവും 12 എ.ടി.എം. കാർഡുകളും പോലീസ് കണ്ടെടുത്തു.

കവർച്ചക്കാർ ഉപയോഗിച്ചതെന്നു കരുതുന്ന ട്രെയിലർ ലോറി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കവർച്ചസമയത്ത് കാഴ്ച മറയ്ക്കാൻ ഉപയോഗിച്ച ഈ ട്രെയിലറിൽത്തന്നെയാണ് പ്രതികൾ രക്ഷപ്പെട്ടതും. ഈ വണ്ടി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് തിങ്കളാഴ്ച രാവിലെ കുതിരാനിൽനിന്നാണ് ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടിയത്.

സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വാഹനം എവിടെയുണ്ടെന്ന് മനസ്സിലാക്കി പുതുക്കാട് എസ്.എച്ച്.ഒ. ടി.എൻ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടരുകയായിരുന്നു. ഹൈവേ പോലീസ് തടഞ്ഞ വാഹനം കുതിരാനിൽവെച്ച് കസ്റ്റഡിയിലെടുത്തു. 2018 മുതൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പ്രതികൾ എ.ടി.എം. കവർച്ച നടത്തി വരുകയായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു. ജനുവരി 23-നാണ് ദേശീയപാതയ്ക്ക് സമീപം പുതുക്കാട് എസ്.ബി.ഐ.യുടെ എ.ടി.എം. കൗണ്ടറിൽനിന്ന് സംഘം പണം തട്ടിയത്. ആറ് അക്കൗണ്ടുകളിൽനിന്ന് 13 തവണയായി 1,27,500 രൂപ പ്രതികൾ തട്ടിയെടുത്തിരുന്നു. ഇതേ ദിവസം എറണാകുളത്തെ നാല് എ.ടി.എം. കൗണ്ടറുകളിൽനിന്നും സമാനമായരീതിയിൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.

എ.ടി.എം. കാർഡ് ഉപയോഗിച്ച് പതിനായിരത്തിൽ താഴെ രൂപ പിൻവലിക്കുകയാണ് പ്രതികളുടെ രീതി. പണം പുറത്തുവന്നശേഷം കൈവശമുള്ള താക്കോൽ കൊണ്ട് യന്ത്രത്തിന്റെ വശം തുറന്ന് ഓഫാക്കും. വിനിമയം പൂർത്തിയാക്കുംമുൻപേ യന്ത്രം പ്രവർത്തനം നിർത്തിയാൽ ബാങ്കുകൾക്ക് ഇടപാട് പൂർത്തിയായിട്ടില്ലെന്ന സന്ദേശമാണ് ലഭിക്കുക.

പിന്നീട് ബാങ്കിന്റെ ടോൾഫ്രീ നമ്പറുകളിൽ വിളിച്ച് പണം ലഭിച്ചിട്ടില്ലെന്ന പരാതി രജിസ്റ്റർ ചെയ്യും. അതുവഴി ബാങ്കിൽനിന്ന് പ്രതികളുടെ അക്കൗണ്ടിലേക്ക്‌ തുക റീഫണ്ട് ചെയ്തു നൽകും. ഇത്തരത്തിൽ ദിവസേന രണ്ട് ലക്ഷംരൂപയാണ് പ്രതികൾ തട്ടിയെടുത്തിരുന്നത്. ഓൺലൈൻ സ്ഥാപനത്തിലെ ജോലി തട്ടിപ്പിനുള്ള മറ മാത്രമായിരുന്നുവെന്ന് പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. ടി.എൻ. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആധാർ കാർഡ് ഉപയോഗിച്ച് ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങി അവിടെനിന്നുള്ള എ.ടി.എം. കാർഡുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്.

എ.ടി.എം. മെഷീൻ തുറന്ന താക്കോൽ എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിച്ചുവരുന്നതായും പോലീസ് പറഞ്ഞു. സാധാരണ ഒരു യന്ത്രത്തിന് മൂന്ന് താക്കോലാണ് ഉണ്ടാകുക.

പ്രതികളുമായി ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തി. ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ. ടി.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കവർച്ച സാങ്കേതികത്തികവോടെ

എ.ടി.എം. കവർച്ചക്കേസിൽ അറസ്റ്റിലായ ഹരിയാണ സ്വദേശി വാറിദ് ഖാൻ അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാൾ. എന്നാൽ ഇവരുടെ സാങ്കേതികത്തികവുള്ള കവർച്ചാരീതി രാജ്യത്ത് ആദ്യമായാണ് റിപ്പോർട്ട് ചെയ്തതെന്ന് അന്വേഷണസംഘം പറയുന്നു. തൗഫിഖ് ബിരുദധാരിയാണ്.

എ.ടി.എം. കൗണ്ടറുമായി നേരിട്ട് ബന്ധപ്പെടുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകുന്ന തരത്തിലുള്ള പ്രത്യേക താക്കോൽ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

പ്രതികളിൽ നിന്ന് ലഭിച്ച എ.ടി.എം.കാർഡുകൾ ഇവരുടെ സ്വന്തം പേരുകളിലുള്ളതായിരുന്നില്ല. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വലിയ തട്ടിപ്പു സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌ഗ്രെയുടെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ. ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്‌.ഐ. മാരായ സിദ്ദിഖ് അബ്ദുൾ ഖാദർ, രാമചന്ദ്രൻ പോൾ, എ.എസ്‌.ഐ. പ്രസന്നൻ, എസ്‌.സി.പി.ഒ. പി.എം. ദിനേഷ്, സി.പി.ഒ. മാരായ ശ്രീജിത്ത്, ആൻസൻ, സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Content Highlights: Puthukkad ATM Robbery Two arrested

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..