• ഗുരുവായൂർ പടിഞ്ഞാറേ നടപ്പന്തലിൽനിന്ന് പിടിച്ച ബൈക്ക് പോലീസ് പുറത്തേക്ക് കടത്തുന്നു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കനത്ത സുരക്ഷാവീഴ്ച. പോലീസിന്റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ യുവാവ് ബൈക്കിൽ വിലസി. കിഴക്കേനട കവാടം കടന്ന് ക്ഷേത്രത്തിനു മുന്നിലൂടെ പടിഞ്ഞാറേ നടപ്പന്തലിലെത്തിയപ്പോൾ വ്യാപാരികൾ ചേർന്ന് യുവാവിനെ പിടികൂടി. കണ്ടാണശ്ശേരി ആളൂർ പാറപറമ്പിൽ പ്രണവ് (31) ആണ് പിടിയിലായത്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.
ബൈക്കോടിച്ച് ഇയാൾ കിഴക്കേനട സത്രം ഗേറ്റ് കടന്ന് ക്ഷേത്രത്തിനു മുന്നിലെത്തി. ദീപസ്തംഭത്തിനു മുന്നിൽ അത്തപ്പൂക്കളമിട്ടതിന്റെ അടുത്തുവെച്ച് വണ്ടി തിരിച്ച് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെ പിൻവശത്തുകൂടി തെക്കേ നടപ്പുരയിലെത്തി. അവിടെനിന്ന് കൂവളമരത്തിനു മുന്നിലൂടെ പടിഞ്ഞാറേ നടപ്പുരയിലെത്തിയശേഷം ഇരുമ്പുകമ്പിയുടെ വിടവിലൂടെ പുറത്തേക്ക് കടക്കാനായിരുന്നു ശ്രമം. അപ്പോഴേക്കും പടിഞ്ഞാറേ നടപ്പുരയിലെ വ്യാപാരികൾ ഇയാളെ തടഞ്ഞുവെച്ചു. പോലീസും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുമെത്തി ഇയാളെ പിടികൂടി. നടപ്പുരയുടെ ഇരുമ്പുകമ്പികൾ ഇളക്കിമാറ്റിയശേഷം പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.
ഏതുസമയത്തും ചുരുങ്ങിയത് 15 സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകാറുള്ള സ്ഥലമാണ് ഗുരുവായൂർ ക്ഷേത്രനട. കിഴക്കേനടയിലെ സത്രം ഗേറ്റിൽ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോലീസും ഉണ്ട്. ക്ഷേത്രത്തിന് മുന്നിലെ ഒന്നാമത്തെ നടപ്പുര ആരംഭിക്കുന്നിടത്തും ചുരുങ്ങിയത് അഞ്ച് പോലീസുകാരുണ്ടാകും. മാത്രമല്ല, പോലീസ് കൺട്രോൾ മുറിയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാബിനും തൊട്ടടുത്തുണ്ട്. കല്യാണമണ്ഡപത്തിനടുത്തും ദീപസ്തംഭത്തിനു മുന്നിലുമുണ്ട് നാല് സെക്യൂരിറ്റിക്കാർ. കൂടാതെ രണ്ട് പോലീസുകാരും. ഇവയ്ക്കുപുറമേ, ക്ഷേത്രത്തിനു മുന്നിൽ തോക്കുമായി പ്രത്യേകം പോലീസുകാരുമുണ്ട്. തെക്കേ നടയിലും പടിഞ്ഞാറേ ഗോപുരനടയിലുമൊക്കെ പോലീസുണ്ട്. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തെറ്റിച്ചാണ് യുവാവ് ബൈക്കിൽ കടന്നത്.
Content Highlights: security breach in guruvayur temple
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..