ടി.ജി. ദേവസിയും ഭാര്യ ശാന്തയും
തൃശ്ശൂര്‍: വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സൂര്യഗ്രഹണ ദിവസം ഡാര്വിന് , ഫ്ളെമിങ്ങിനോടു പറഞ്ഞു-' ഈ സൂര്യനെ രാഹു വിഴുങ്ങുന്നതു കൊണ്ടാ ഗ്രഹണം ഉണ്ടാകുന്നേ..'.
കേട്ടുനിന്ന അച്ഛന് ദേവസ്സിമാഷ് ഇങ്ങനെ പറഞ്ഞു-' അതല്ലടാ പിള്ളാരേ, ഭൂമിയ്ക്കും സൂര്യനും ഇടയില്‍ ചന്ദ്രന് വരുന്നതാണ് കാര്യം. ഒരേ വരിയില്‍ ഇവ വരുമ്പോള്‍ ചന്ദ്രന് സൂര്യനെ മറയ്ക്കും.'. കുട്ടികളായിരിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ തന്നെ എത്തിക്കുന്ന ടി.ജി.ദേവസ്സി എന്ന അച്ഛന്റെ ദൈവം ശാസ്ത്രമാണ്.
അങ്ങനെയാണ് തൃശ്ശൂര്‍ എം.ജി.റോഡ് സൈലന്റ് ലെയ്നില്‍ തേറാട്ടില്‍ വീട്ടിലെ മക്കളുടെ പേരുകളെല്ലാം ഏതെങ്കിലുമൊരു തരത്തില്‍ 'ശാസ്ത്രജ്ഞരായതും'.
സി.എം.എസ്. ഹൈസ്കൂളില്‍ നിന്ന് 1988-ല്‍ പ്രധാനാധ്യാപകനായി വിരമിച്ച ദേവസ്സിക്കിപ്പോള് വയസ് 90. താനൊരു ദൈവവിശ്വാസിയല്ലെന്ന് അദ്ദേഹം പറയും. എന്നുവച്ച് ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള തര്‍ക്കത്തിനൊന്നും ഇല്ല. എല്ലാം ശാസ്ത്രത്തിലൂടെ കാണുന്നവന് എന്ത് മതമെന്നാണ് ഈ മുന്‍ ഫിസ്ക്സ് അധ്യാപകന്റെ വാദം. ഭാര്യ ശാന്തയുടെ ആത്മീയ ജീവിതത്തെ അദ്ദേഹം തടസ്സപ്പെടുത്താറുമില്ല. എന്നാല്‍ മക്കള്‍ക്ക് പേരിടുന്ന കാര്യത്തില്‍ ദേവസ്സി മാഷ് അല്പം സ്വാതന്ത്ര്യമെടുത്തു. അങ്ങനെ വ്യത്യസ്തമായ അഞ്ച് പേരുള്ള മക്കള്‍ ആ വീട്ടിലുണ്ടായി.
മൂത്തമകന് ഉണ്ടായപ്പോള്‍ മനസിലേക്ക് എത്തിയത് മനുഷ്യന്റെ പരിണാമവും പിന്നീടുള്ള വികാസവും. അങ്ങനെ ആ മകന് പേരിട്ടു.-ഡാര്വിന് ഡി. തേറാട്ടില്‍. ആ ഡാര്വിന് ഇപ്പോള്‍ തൃശ്ശൂര്‍ ദയ, മദര്‍ ആശുപത്രികളിലെ തിരക്കുള്ള യൂറോളജിസ്റ്റാണ്. രണ്ടാമത് മകളുണ്ടായപ്പോള്‍ ശാസ്ത്രത്തിന്റെ സാധ്യത സിനിമാ ലോകത്ത് എത്തിച്ച വാള്‍ട്ട് ഡിസ്നിയുടെ പേര് തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുടയില്‍ കുടുംബസമേതം താമസിക്കുകയാണ് ഇപ്പോള്‍ ടി.ഡി. ഡിസ്നി. 1966-ല്‍ വാള്‍ട്ട് ഡിസ്നി അന്തരിച്ചപ്പോള്‍ തൃശ്ശൂരിലെ ഡിസ്നിക്ക് ഏഴുമാസം പ്രായം.

വിലാസം തേടിപ്പിടിച്ച് ഡിസ്നി കുടുംബത്തിന് ദേവസ്സി കത്തയച്ചിരുന്നു. അതില്‍ ഇങ്ങനെ പറഞ്ഞു' ഞാന്‍ ഡിസ്നി സാറിന്റെ ഒരു കടുത്ത ആരാധകനാണ്. വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു. എന്റെ മകള്‍ക്ക് പേരിട്ടിരിക്കുന്നത് ഡിസ്നി എന്നാണ്'. കുറച്ചുനാള്‍ കവിഞ്ഞ് ദേവസ്സിക്ക് ഡിസ്നി കുടുംബത്തില്‍ നിന്ന് നന്ദിയറിയിച്ച് മറുപടിയും വന്നു.
പെന്സിലിന് കണ്ടുപിടിച്ച സര് അലക്സാണ്ടര്‍
ഫ്ളെമിങ്ങിന്റെ പേര് കിട്ടിയത് ഇപ്പോള്‍ തൃശ്ശൂര്‍ സെന്‍ട്രല്‍ എക്സൈസില്‍ സൂപ്രണ്ടായ ടി.ഡി. ഫ്ളെമിങ്ങിനാണ്. നാലാമത്തെ മകന് പിറന്നപ്പോള്‍ ദേവസ്സിക്ക് ആല്‍ഫ്രഡ് നോബലിനെ സ്മരിച്ച് പേരു വീണു. --ടി.ഡി. നോബല്‍. ബിസിനസ്സുകാരനായ ഇദ്ദേഹം കുടുംബസമേതം ഇപ്പോള്‍ മുംബൈയില്‍. അഞ്ചാമത് പിറന്ന മകള്‍ക്ക് ഇടാന്‍ വ്യത്യസ്തമായ പേര് ദേവസ്സി ഒരുപാട് ആലോചിച്ചു. പക്ഷേ ഒന്നും അത്ര പിടിച്ചില്ല. അപ്പോഴാണ് ആലോചിക്കുന്നതിന്റെ ശാസ്ത്രം മനസിലേക്ക് വന്നത്. തലച്ചോറിന്റേയും നാഢീവ്യവസ്ഥയുടേയും അടിസ്ഥാന ഘടകമായ ന്യൂറോണ്‍ എന്ന പേരില്‍ ദേവസ്സിയുടെ ചിന്ത ഉടക്കി. ഇപ്പോള്‍ പെരിങ്ങാവില്‍ കുടുംബസമേതം താമസിക്കുകയാണ് ടി.ഡി. ന്യൂറോണ്‍. അച്ഛന് ഇങ്ങനെയുള്ള പേരുകള്‍ ഇട്ടതില്‍ മക്കളെല്ലാം ഇപ്പോള്‍ ഏറെ അഭിമാനിക്കുന്നു.
ദേവസ്സിയുടെ തോന്നലില്‍ പിറന്ന പുനര്ജന്മം
മലയാള സിനിമയിലെ ഒരു സൂപ്പര്‍ ഹിറ്റിലേക്ക് തന്റെ ഒരു വെറും തോന്നല്‍ നയിക്കുമെന്ന് ടി.ജി.ദേവസ്സി വിചാരിച്ചിരുന്നില്ല. 50 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു വിസ്മയം പോലെ അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സ്ഥിരം വരിക്കാരനായ അദ്ദേഹം 1971-ല്‍ അതില്‍ പ്രസിദ്ധീകരിച്ച എ.ടി.കോവൂരിന്റെ കേസ് ഡയറി വായിച്ചപ്പോള്‍ ഉണ്ടായ തോന്നലാണ് പുനര്ജന്മം എന്ന ഹിറ്റ് സിനിമയുടെ പിറവിക്കു പിന്നില്‍.
മഞ്ഞിലാസ് ഫിലിംസ് തിളങ്ങി നിന്നിരുന്ന കാലം. ഉടമയായ തൃശ്ശൂര്‍ സ്വദേശി എം.ഒ. ജോസഫിനെ ദേവസ്സിക്കറിയില്ല. എം.ഒ.ജോസഫ്, ഫിലിം പ്രൊഡ്യൂസര്‍, മദ്രാസ് എന്ന് വിലാസത്തില്‍ ദേവസ്സിയുടെ ഒരു കത്ത് തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടു. കവറിനുള്ളില്‍ ആഴ്ചപ്പതിപ്പില്‍ നിന്ന് വെട്ടിയെടുത്ത കേസ്ഡയറിയും , ഇത് സിനിമയാക്കണമെന്ന് അഭ്യര്‍ഥനയും.
പോയ കത്ത് അതുപോലെ തിരിച്ചുവന്നു. ദേവസ്സി തോറ്റില്ല. ശരിയായ വിലാസം കണ്ടെത്തി വീണ്ടും വിട്ടു. കുറേനാള്‍ കഴിഞ്ഞ് എം.ഒ.ദേവസ്സിയുടെ കത്ത് വന്നു. കേസ് ഡയറി സിനിമയാക്കുന്നു. കെ.എസ്.സേതുമാധവന് സംവിധാനം.
തിരക്കഥയും സംഭാഷണവും തോപ്പില്‍ ഭാസി . വയലാര്‍-ദേവരാജന്‍ ടീമിന്റെ ഗാനങ്ങള്‍. ഇതിലെ 'പ്രേമഭിക്ഷുകി... ' 'സൂര്യകാന്ത കല്പ്പടവില്....'എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. പ്രേംനസീറും ജയഭാരതിയും പ്രധാനകഥാപാത്രങ്ങള്‍. എല്ലാം ഒത്തിണങ്ങിയ ചിത്രം വന്‍ വിജയവുമായി. മ റുപ്പിറവി എന്ന പേരില്‍ തമിഴിലും വന്നു. ചിത്രത്തില്‍ മനശ്ശാസ്ത്രജ്ഞനായി അഭിനയിക്കാന്‍ എ.ടി.കോവൂരിനെത്തന്നെ എം.ഒ.ജോസഫ് ശ്രീലങ്കയില്‍ പോയി കൊണ്ടുവന്നു. അന്ധവിശ്വാസങ്ങള്ക്കെതിരേ ശാസ്ത്രബോധത്തിന്റെ കൈത്തിരിയുമായിവന്ന സിനിമ എന്നായിരുന്നു ചിത്രത്തെ നിരൂപകലോകം വിശേഷിപ്പിച്ചിരുന്നത്.
മലയാള സിനിമയ്ക്ക് പുതുമയുള്ളൊരുവിഷയം നിര്‍ദേശിച്ചതിനുള്ള പാരിതോഷികമെന്ന് പറഞ്ഞ് 500 രൂപ ദേവസ്സിക്ക് എം.ഒ.ജോസഫ് അയച്ചുകൊടുത്തു. 1972-ല്‍ ഇറങ്ങിയ പുനര്ജന്മം സിനിമയ്ക്ക് ഇപ്പോള്‍ 50 വയസ്സ്. ഇന്ത്യന്‍ റാഷണിലിസ്റ്റ് പബ്ളിഷേഴ്സ് അന്പതാംവര്ഷം ആഘോഷിച്ചപ്പോള്‍ ദേവസ്സിയെ ആദരിച്ചിരുന്നു.
എഴുത്തും വായനയും ശാന്തയും
ഡാര്‍വിനും ക്രിസ്തുവും , പ്രപഞ്ച ദര്‍ശനങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ദേവസ്സി സ്വയം പ്രസിദ്ധീകരിച്ചു. നെല്ച്ചെടിയും നെല്ലും എന്ന മൂന്നാം പുസ്തകത്തിന്റെ എഴുത്തിലാണിപ്പോള്‍. മക്കള്‍ വിളിക്കുന്നുണ്ടെങ്കിലും സൈലന്റ് ലൈനിലെ ചുറ്റുപാട് വിട്ട് പോകാന്‍ ദേവസ്സിയും ഭാര്യ ശാന്തയും തയ്യാറല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..