മണലൂരിൽ ലൈസൻസില്ലാത്ത കാറ്ററിങ് യൂണിറ്റുകൾ നൂറിലേറെ


Caption

കാഞ്ഞാണി : ഭക്ഷ്യ വിഷബാധയുണ്ടായ സാഹചര്യത്തിൽ കാറ്ററിങ് യൂണിറ്റുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ മണലൂർ പഞ്ചായത്ത്. നൂറോളം അനധികൃത കാറ്ററിങ് യൂണിറ്റുകൾ പഞ്ചായത്തിലുണ്ടെന്നാണ് കണ്ടെത്തൽ. പലർക്കും ഹെൽത്ത് കാർഡുമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് ഉള്ളത് ഏതാനുംപേർക്ക് മാത്രവും.

കാറ്ററിങ് മേഖലയിലുള്ളവർക്ക് ആദ്യപടിയായി ബോധവത്കരണം നടത്താനാണ് പഞ്ചായത്തിന്റെ പരിപാടി. കണ്ടശ്ശാംകടവിൽ ഒമ്പതു വയസ്സുകാരി ആൻസിയയുടെ മരണത്തെത്തുടർന്നാണിത്.

തോട്ടുങ്ങൽ കുടുംബസംഗമത്തിൽ പങ്കെടുത്തവർക്കെല്ലാം അസ്വസ്ഥത ഉണ്ടായിരുന്നു. കാറ്ററിങ് യൂണിറ്റ് വിതരണംചെയ്ത ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിക്കാനായില്ല. ഇനി മുതൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സാമ്പിൾ സൂക്ഷിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. അതേസമയം ആൻസിയയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ഇതിനിടെ ഭക്ഷണം വിതരണംചെയ്ത കൃപ കാറ്ററിങ് യൂണിറ്റ് ആരോഗ്യവകുപ്പ് അടപ്പിച്ചു. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നാണ് പറയുന്നത്.

കാറ്ററിങ് യൂണിറ്റുകൾ എവിടെയെല്ലാമാണുള്ളതെന്ന കണക്ക് ആരോഗ്യ വകുപ്പിന്റെ പക്കലില്ല. വീട്ടിൽ പാചകംചെയ്ത് ഭക്ഷണം വിതരണം ചെയ്യുന്നവരുമുണ്ട്. കടൽമീൻക്ഷാമം രൂക്ഷമാകുകയും രാസവസ്തുക്കൾ കലർന്ന മീൻ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കായൽമീനോ, വളർത്തുമീനോ വാങ്ങണമെന്ന് മണലൂർ പഞ്ചായത്ത് അധികൃതർ പറഞ്ഞു.

റംസാനും പള്ളി പെരുന്നാളുകളും ഉത്സവങ്ങളും നിരവധി വിവാഹങ്ങളും നടക്കുന്ന കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് മണലൂർ പഞ്ചായത്തിലെ അങ്ങാടികളിൽ പരിശോധന നടത്തിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസൻ പറഞ്ഞു. ആൻസിയയുടെ മരണത്തെത്തുടർന്ന് പരിശോധന നടത്തിയവർക്ക് മത്സ്യ- മാംസ മാർക്കറ്റുകൾ പരിശോധിക്കാനായില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..