വെള്ളം കയറി നെല്ല് നശിക്കുന്നു : കോന്തിപുലം താത്‌കാലിക ബണ്ട് കർഷകർ പൊട്ടിച്ചു


Caption

മുരിയാട് : കനാലിൽ വെള്ളം കൂടി കൃഷി നശിച്ചിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് താത്‌കാലിക തടയണ കർഷകർ പൊട്ടിച്ചു. ശനിയാഴ്‌ച വൈകീട്ടാണ് ബണ്ടിന്റെ മധ്യഭാഗം പൊളിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥമൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് കർഷകർ ആരോപിച്ചു.

4000 ഏക്കർ വരുന്ന മുരിയാട് കോൾമേഖലയിൽ കെ.എൽ.ഡി.സി. കനാലിൽ വെള്ളം ഉയർന്നതാണ് പ്രശ്നം. ഉൾത്തോടുകളിലെ വെള്ളം ഒഴുകിപ്പോകാനാകാതെ സമീപ പാടശേഖരങ്ങളിലേക്ക് കവിഞ്ഞൊഴുകി. കണ്ണംപിള്ളിച്ചിറ, മാവേലിക്കോൾ, മൂരിക്കോൾ, കൂവപ്പുഴ, ചൊവ്വാക്കാരൻപടവ്, കോക്കരച്ചാൽ തുടങ്ങിയ 130 ഏക്കറിലേറെ വരുന്ന പാടശേഖരങ്ങളിലാണ് നെല്ല് കൊയ്തെടുക്കാനാകാതെ നശിക്കുന്നത്.

കോന്തിപുലത്ത് നിർമിച്ചിരിക്കുന്ന താത്‌കാലിക തടയണ തുറന്ന് വെള്ളം ഒഴുക്കിവിട്ടാൽ പാടങ്ങൾ കൊയ്തെടുക്കാമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് മഴ കൂടുതൽ ശക്തിപ്രാപിച്ചതോടെ ഇറിഗേഷൻ വകുപ്പ് ബണ്ട് പൊട്ടിക്കാൻ സംവിധാനവുമായി വന്നു. എന്നാൽ, മുനയം ബണ്ട് പൊട്ടിയെന്നു പറഞ്ഞ് തിരിക പോകുകയായിരുന്നു. മഴ കൂടുതൽ ശക്തിപ്രാപിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളം വ്യാപിച്ചതോടെയാണ് കർഷകർ ബണ്ടിലെ മുളംകുറ്റികൾ നീക്കി കുറച്ചുഭാഗം പൊളിച്ചത്.

ഞായറാഴ്‌ച രാവിലെ പാടശേഖരങ്ങൾ മുഴുവൻ വെള്ളത്തിലായതോടെ കർഷകരുടെ ആവശ്യപ്രകാരം ഇറിഗേഷൻ വകുപ്പ് വടക്കുഭാഗം കുറച്ച് പൊളിച്ചുനീക്കി വെള്ളം തുറന്നുവിട്ടു. എന്നാൽ, മുകളിൽനിന്നല്ലാതെ കനാലിന്റെ ആഴത്തിൽ പൂർണമായും ബണ്ട് പൊളിച്ചുനീക്കി വെള്ളം ഒഴുക്കിവിട്ടാൽ മാത്രമേ ശരിയാകൂവെന്ന് കർഷകർ പറഞ്ഞു.

ഇല്ലിക്കൽ ബണ്ട് റോഡ് വീണ്ടും ഇടിഞ്ഞു

ചേർപ്പ് : കരുവന്നൂർ വലിയ പാലത്തുനിന്നും മൂർക്കനാട് വഴി കാറളത്തേക്ക് പോകുന്ന ബണ്ട് റോഡിന്റെ ഒരു ഭാഗം വീണ്ടും ഇടിഞ്ഞു. ഞായറാഴ്ച രാവിലെ ഇല്ലിക്കൽ റെഗുലേറ്ററിനടുത്താണ് റോഡ് ഇടിഞ്ഞത്.

പ്രളയകാലത്ത് ഇടിഞ്ഞ ഭാഗം മണൽചാക്കുകൾ കൊണ്ട് താത്‌കാലികമായി കെട്ടിയിരുന്നു. ആ ഭാഗത്താണ് ഇടിഞ്ഞത്. നിരോധനം ഉണ്ടായിട്ടും ടോറസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നതാണ് ബണ്ട് ഇടിയാൻ കാരണമായത്. ഷട്ടറുകൾ തുറന്നതോടെ ഈ ഭാഗത്ത് ഒഴുക്ക് ശക്തമായതിനാൽ കൂടുതൽ ഭാഗം ഇടിയാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഈ റോഡിലൂടെ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളവയുടെ ഗതാഗതം നിരോധിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..