കോന്തിപുലം പാലത്തിന് സമീപം കെ.എൽ.ഡി.സി. കനാലിന് കുറുകെ നിർമിച്ചിരുന്ന ബണ്ട് പാതി ഇനിയും പൊളിച്ചുമാറ്റാത്ത നിലയിൽ
മുരിയാട് : കോന്തിപുലം പാലത്തിന് താഴെ കെ.എൽ.ഡി.സി. കനാലിൽ താത്കാലികമായി നിർമിച്ചിരിക്കുന്ന തടയണ പൂർണമായും പൊളിച്ചുനീക്കാത്തതിനാൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട്. തടയണമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആനന്ദപുരം തുടങ്ങി തൊമ്മാന വരെയുള്ള ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. പാടശേഖരങ്ങളിലെ മോട്ടോർ ഷെഡ്ഡുകളും കൃഷിയും വൈക്കോലും വെള്ളത്തിലായി. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കർഷകർ പറഞ്ഞു.
കഴിഞ്ഞദിവസം കർഷകരുടെ ആവശ്യപ്രകാരം തടയണയുടെ കുറച്ചുഭാഗം ഇറിഗേഷൻ വകുപ്പ് പൊളിച്ചുനീക്കിയിരുന്നു. എന്നാൽ ബണ്ട് പൂർണമായും പൊളിച്ചുമാറ്റിയിരുന്നെങ്കിൽ വെള്ളക്കെട്ടുണ്ടാകില്ലായിരുന്നെന്ന് കർഷകർ പറഞ്ഞു.
കോന്തിപുലം ബണ്ട് താഴ്ത്തി തുറക്കാത്തതിനാലാണ് കൃഷി വൈകിയതെന്നും കർഷകർ ആരോപിച്ചു. ശേഷിക്കുന്ന ബണ്ട് പൊളിച്ചുനീക്കാൻ വൈകിയാൽ നീരൊഴുക്ക് തടസ്സപ്പെട്ട് കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
തോടിന്റെ ആഴം കൂട്ടൽ നിർത്തണം
മുരിയാട് : മഴ പെയ്യുന്ന സമയത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തോടുകളുടെ ആഴം കൂട്ടുന്നതിനെതിരേ കർഷകരും മത്സ്യത്തൊഴിലാളികളും രംഗത്ത്. മണ്ണ് കോരി ബണ്ടിൽ ഇട്ടാലും മഴയിൽ അവ തോട്ടിലേക്കുതന്നെ ഒഴുകിപ്പോകുകയാണ്. അതിനാൽ ഇപ്പോൾ ആഴം കൂട്ടുന്നതുകൊണ്ട് പ്രയോജനമില്ലെന്നും പണികൾ നിർത്തിവെക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..