ആൻസിയ മരിച്ചിട്ട് 23 ദിവസം; ഇനിയും നടപടിയില്ല


കാഞ്ഞാണി : മകൾ മരിച്ച് 23 ദിവസം പിന്നിട്ടിട്ടും മരണകാരണമറിയാനായിട്ടില്ലെന്ന് അച്ഛൻ കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജ്. ആൻസിയയുടെ മരണത്തിൽ ഇപ്പോഴും നടപടി വൈകുകയാണ്. കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായതുൾപ്പെടെ പോലീസ് നടപടി തുടരുമ്പോഴാണിത്. അതേസമയം ആൻസിയയുടെ മരണം ഭക്ഷ്യവിഷബാധമൂലമാണോയെന്ന് ഒൗദ്യോഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

കൃപ കാറ്ററിങ് യൂണിറ്റ് ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ അടപ്പിച്ചതുമാത്രമാണ് ആരോഗ്യവകുപ്പ് ആകെ ചെയ്തത്. കൃപ കാറ്ററിങ് യൂണിറ്റ് നടത്തിപ്പുകാരനെ പോലീസ് തിരയുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ ലാബിലേക്കയച്ച് രാസപരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസെന്ന് അന്തിക്കാട് എസ്.എച്ച്.ഒ. അനീഷ് കരീം പറഞ്ഞു.

കുടുംബസംഗമവേദിയിൽ തുള്ളിച്ചാടി ഡാൻസ്‌ കളിച്ച് നടന്നിരുന്ന ആൻസിയ വീട്ടിലെത്തി പുലർച്ചെ ഉണർന്നത് വയറുവേദനയായിട്ടായിരുന്നു. തുടർന്ന് വയറിളക്കവും ഛർദിയുമായി. അവശയായ കുട്ടിയെ പുത്തൻപീടികയിലെ പാദുവ ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്ക് ശേഷം മരിക്കുകയായിരുന്നു. കുടുംബസംഗമത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് അസ്വസ്ഥതകളുണ്ടായിരുന്നു.

എന്നാൽ, സംഭവമുണ്ടായ ദിവസം തന്നെ നടപടിയെടുക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പ് അനങ്ങുന്നില്ലെന്നാണ് ആൻസിയയുടെ ബന്ധുക്കൾ പറഞ്ഞത്. ആൻസിയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. കുടുംബസംഗമത്തിൽ വിളമ്പിയ ഭക്ഷണത്തിന്റെ സാംപിൾ പോലും ശേഖരിക്കാനായില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..