ആൻസിയയുടെ മരണം: ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് തേടി


കാഞ്ഞാണി : മൂന്നാംക്ലാസ് വിദ്യാർഥി ആൻസിയയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ കാരമുക്കിലെ കൃപ കാറ്ററിങ് യൂണിറ്റുടമ തോമസ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി പോലീസിനോട് റിപ്പോർട്ട് തേടിയത്.

കണ്ടശ്ശാംകടവിൽ തോട്ടുങ്ങൽ കുടുംബസംഗമത്തിൽ വിളമ്പിയ ഭക്ഷണത്തിൽനിന്ന് വിഷബാധയേറ്റാണ് ആൻസിയ മരിച്ചതെന്ന് ഫൊറൻസിക് വിഭാഗത്തിന്റെ രാസപരിശോധനയിൽ വ്യക്തമായിരുന്നു. തോമസിന്റെ ഉടമസ്ഥതയിലുള്ള കൃപ കാറ്ററിങ് യൂണിറ്റിൽനിന്നാണ് കുടുംബസംഗമത്തിൽ ഭക്ഷണം വിളമ്പിയത്. അന്ന് ഭക്ഷണം കഴിച്ചവർക്കെല്ലാം ഭക്ഷ്യവിഷബാധയേറ്റിരുന്നു.

ഇതേത്തുടർന്ന് കാറ്ററിങ് യൂണിറ്റ് ആരോഗ്യവകുപ്പ് അടപ്പിക്കുകയും തോമസിനെതിരേ അന്തിക്കാട് പോലീസ് അശ്രദ്ധമൂലം ആൾ മരിക്കുന്നതിന് കാരണമായെന്ന കുറ്റം (304 എ) ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ തോമസ് ഇതര സംസ്ഥാനത്തേക്ക്‌ കടന്നു. തുടർന്ന് ബന്ധു മുഖേനയാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച തൃക്കുന്നത്തുള്ള എസ്.സി. വ്യവസായ കേന്ദ്രത്തിൽ കാറ്ററിങ്, മത്സ്യ-മാംസ വിൽപ്പനക്കാർ, ഹോട്ടലുടമകൾ എന്നിവരുടെ യോഗം മണലൂർ പഞ്ചായത്ത് വിളിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡൻറ് പി.ടി. ജോൺസൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..